പാനൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന ; 2000 നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചു

പാനൂർ : ജില്ലാ എൻഫോഴ്സ്‌മെൻറ് സ്ക്വാഡും നഗരസഭാ ആരോഗ്യവിഭാഗവും ചേർന്ന് പാനൂർ ടൗണിൽ നടത്തിയ പരിശോധനയിൽ 300 മി.ലി. നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചു.
തലശ്ശേരി റോഡിലെ കെ.ടി. സ്റ്റോഴ്സിന്റെ ലൈസൻസ് ഇല്ലാത്ത ഗോഡൗണിൽനിന്നാണ് രണ്ടായിരത്തോളം കുപ്പികൾ പിടിച്ചത്. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾക്കായി നഗരസഭയ്ക്ക് നിർദേശം നൽകി.
മാർജിൻഫ്രീ ഫാമിലി സൂപ്പർമാർക്കറ്റിൽനിന്ന് പ്ളാസ്റ്റിക് ആവരണമുള്ള 2100 പേപ്പർ കപ്പുകളും 3000 പ്ലേറ്റുകളും അഞ്ച് കിലോ നിരോധിത പ്ളാസ്റ്റിക് കവറുകളും പിടിച്ചു.
പാനൂർ ഈസ്റ്റ് യു.പി. സ്കൂളിന് സമീപത്തെ കനാലിൽ രാത്രികളിൽ ടിപ്പർലോറിയിൽ മാലിന്യം കൊണ്ടുവന്നു തള്ളുന്നുവെന്ന പരാതിയിൽ നടപടി സ്വീകരിച്ചു.
എൻഫോഴ്സ്മെൻ്റ് ടീമിൻ്റെ ഇമെയിലിൽ ലഭിച്ച പരാതിയിലാണ് നേരിട്ട് അന്വേഷണം നടത്തി കുറ്റക്കാരനെ കണ്ടു പിടിച്ചു പതിനായിരം രൂപ പിഴയിട്ടത്.
പരിശോധനയ്ക്ക് എൻഫോഴ്സ്‌മെന്റ് ടീം ലീഡർ റെജി പി.മാത്യു, കെ.ആർ.അജയകുമാർ, സി.ഷംഷീർ, നഗരസഭാ സെക്രട്ടറി എ.പ്രവീൺ, പി.മൊയ്തു തുടങ്ങിയവർ നേതൃത്വം നൽകി.