പീഡനത്തിന് ഇരയായ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം; 22കാരൻ അറസ്റ്റിൽ

പാലക്കാട്: വണ്ടാഴിയിൽ പീഡനത്തിനിരയായ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ 22കാരൻ അറസ്റ്റിൽ. വണ്ടാഴി സി കെ കുന്ന് പേഴുകുറ അഫ്‌സലിനെയാണ് ആലത്തൂർ ഡിവെെ എസ് പി ആർ അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റു ചെയ്തത്. പോക്‌സോ, ആത്മഹത്യാപ്രേരണക്കുറ്റം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് ചെന്നെെ ചോളിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഫ്‌സലിനെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് 28നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
എന്നാൽ ഈ വിഷയത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു. പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അറസ്റ്റിലായ അഫ്‌സലിന് ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിനുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയ്ക്ക് ലഹരി നൽകിയിരുന്നതായി വീട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.