ഡ്രൈവിങ്ങിനിടെ വാഹനത്തിന്റെ ബ്രേക്ക് പോയിട്ടുണ്ടോ? ഇങ്ങനെയുണ്ടായാല്‍ എങ്ങനെ വണ്ടി നിര്‍ത്തും

ഡ്രൈവിങ്ങില്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും ഏത് വാഹനത്തിലും എന്ത് അഭ്യാസം വേണമെങ്കിലും കാണിക്കാനുള്ള ആത്മവിശ്വാസവുമുള്ള ഏത് ഡ്രൈവറും പതറുന്ന ഒരു സാഹചര്യമാണ് ബ്രേക്ക് പെഡല്‍ അമര്‍ത്തിയിട്ടും വാഹനം നില്‍ക്കാതെ വരുന്നത് അല്ലെങ്കില്‍ ബ്രേക്ക് നഷ്ടപ്പെടുന്നത്.
ഏത് വാഹനമാണെങ്കിലും അപ്പോഴുണ്ടാകുന്ന ഭീതി അനുഭവിച്ചിട്ടുള്ളവര്‍ക്ക് മനസിലാകുമെന്നല്ലാതെ ഒരാള്‍ക്കും വിവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല.
പുതുതലമുറ വാഹനങ്ങളില്‍ ബ്രേക്ക് നഷ്ടപ്പെടുകയെന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. വളരെ കാര്യക്ഷമമായ ബ്രേക്ക് സംവിധാനമാണ് ഇപ്പോള്‍ നിരത്തുകളില്‍ എത്തുന്ന ബൈക്കുകള്‍ മുതല്‍ ബസുകളും ട്രക്കുകളും പോലുള്ള വലിയ വാഹനങ്ങളില്‍ പോലും നല്‍കുന്നത്.
എന്നിരുന്നാലും നമ്മള്‍ ഓടിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് അവിചാരിതമായി നഷ്ടപ്പെട്ടാല്‍ എങ്ങനെയാണ് വാഹനം നിര്‍ത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.
വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു എന്ന ബോധ്യമായാല്‍ മനസാന്നിധ്യം വീണ്ടെടുക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഭയവും പരിഭ്രാന്തിയും കൂടുതല്‍ അപകടത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. പെട്ടന്നുണ്ടാകുന്ന ഭയത്തില്‍ ആക്‌സിലറേറ്ററില്‍ അമര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം.
ബ്രേക്ക് പെഡലില്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ബ്രേക്കിങ്ങ് സംവിധാനത്തിലായിരിക്കും പ്രശ്‌നം. ബ്രേക്ക് പെഡലിനിടയില്‍ മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.
അതേസമയം, ബ്രേക്ക് പെഡല്‍ താഴുകയും വാഹനം നില്‍ക്കാതെ വരികയുമാണെങ്കില്‍ പെഡലില്‍ ആവര്‍ത്തിച്ച് ചവിട്ടിയാല്‍ ബ്രേക്കിങ്ങ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ സാധിച്ചേക്കും (പമ്പ് ചെയ്ത് ചവിട്ടുക). ശക്തമായി ബ്രേക്ക് പെഡല്‍ ചവിട്ടി പമ്പ് ചെയ്യുകയാണ് വേണ്ടത്.
കാര്യക്ഷമമായ ബ്രേക്കിങ്ങിനുള്ള മര്‍ദ്ദം രൂപപ്പെട്ടെന്ന് മനസിലായാല്‍ മാത്രം ബ്രേക്ക് പൂര്‍ണമായും ചവിട്ടി വാഹനം നിര്‍ത്തുക.
മണിക്കൂറില്‍ അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ വേരെ വേഗത കുറയ്ക്കാന്‍ എന്‍ജിന്‍ ബ്രേക്കിങ്ങിലൂടെ സാധിക്കും. താഴ്ന്ന ഗിയറിലേക്ക് വാഹനത്തിന്റെ വേഗത കുറച്ച് കൊണ്ടുവരുന്നതാണ് ഈ രീതി. ഈ സാഹചര്യത്തില്‍ ആദ്യം ഒന്നോ രണ്ടോ ഗിയര്‍ മാത്രം ഡൗണ്‍ ചെയ്യുക.
വേഗത ഒരല്‍പ്പം കുറഞ്ഞതിനുശേഷം മാത്രം ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുന്നതാണ് ഉചിതം. പെട്ടെന്ന് ഒന്ന് രണ്ട് ഗിയറുകളിലേക്ക് മാറാന്‍ ശ്രമിച്ചാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും.
വാഹനത്തിന്റെ ബ്രേക്ക് കുറഞ്ഞാല്‍ വാഹനം ഹാന്‍ഡ് ബ്രേക്കില്‍ നിര്‍ത്താമെന്നുള്ള തെറ്റിധാരണ കുറച്ച് പേര്‍ക്കെങ്കിലും ഉണ്ടായേക്കാം. എന്നാല്‍, ഇത് വലിയ അപകടത്തിന് കാരണമാകും. അമിതവേഗത്തിലെത്തി ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കരുത്.
വാഹനത്തിന്റെ വേഗത 20 കിലോമീറ്ററില്‍ താഴെ ആയതിനുശേഷം മാത്രം ഹാന്‍ഡ് ബ്രേക്ക് വലിക്കാന്‍ പാടുള്ളൂ. ഇത്തരം സാഹചര്യമുണ്ടായാല്‍ ഹോണ്‍ മുഴക്കിയും ലൈറ്റിട്ടും റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകട സൂചന നല്‍കണം.