നഷ്ടങ്ങളുടെ ഓർമ്മകളുമായി ‘അത്ഭുത ബാലനെത്തി’; അരനൂറ്റാണ്ടുകൾക്കിപ്പുറം സങ്കടം മാറാതെ ജനാർദനൻ

Share our post

തൃശ്ശൂർ: അനുവാദമില്ലാതെ കടക്കരുതെന്നെഴുതിയ വാതിൽ തളളിത്തുറന്നുവന്ന സുകുമാരനെ ആ എഴുപത്തിയഞ്ചുകാരന് ഓർമവന്നില്ല. അഞ്ചേരിച്ചിറക്കാരനാണെന്നും നമ്മള് തമ്മിലൊരു ബന്ധമുണ്ടെന്നും പറഞ്ഞുതുടങ്ങിയപ്പോൾ നടുങ്ങി, തല താഴ്ന്നു.

മറിഞ്ഞ ബസിൽനിന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്ന കൈക്കുഞ്ഞിനെ കോരിയെടുത്തത് മനസ്സിൽ മിന്നി. ദേഷ്യമോ പ്രതികാരമോ ഇല്ലെന്നും വെറുതേ കാണാൻ മാത്രം വന്നതാണെന്നും അന്നത്തെ ആ കുട്ടി പറഞ്ഞപ്പോൾ നെഞ്ചിലെ ഭാരം അല്പം കുറഞ്ഞു.

തൃശ്ശൂർ പുഴയ്ക്കലിൽ വെള്ളത്തിലേക്കു മറിഞ്ഞ ബസിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജനാർദനനെ തേടിയെത്തിയത്. പത്തുപേർ മരിച്ച പുഴക്കൽ ബസപകടത്തിന് അടുത്ത വർഷം അമ്പതാണ്ടു തികയും.

അപകടത്തിൽനിന്ന് രക്ഷപ്പെട്ട ‘അദ്‌ഭുത ശിശു’വെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച സുകുമാരൻ ഇന്ന് വണ്ടിയോടിക്കാൻ പരിശീലിപ്പിക്കുന്നയാളാണ്.

അന്ന് കാണാനും അറിയാനുമുള്ള പ്രായമായിരുന്നില്ലെങ്കിലും 49 വർഷത്തിനിടെ ആ ബസപകടം ഓർമിക്കാതെ ഒരു ദിവസംപോലും കടന്നുപോയിട്ടില്ലെന്ന് സുകുമാരൻ പറയുന്നു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങളറിയാനാണ് ജനാർദനനെ അന്വേഷിച്ചിറങ്ങിയത്.

സുകുമാരന്റെ മൂന്നു സഹോദരങ്ങളെയും ആ അപകടം കവർന്നിരുന്നു. അച്ഛൻ ശ്രീധരൻ നീന്തിക്കയറി. അമ്മ തങ്കമണിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. വളർക്കാവിലെ തറവാട്ടുവീട്ടിലെ മൂന്നു കുഞ്ഞു മൺകൂനകൾക്കരികെ കരയുന്ന അമ്മയെക്കുറിച്ച്‌ പറഞ്ഞറിവേയുള്ളൂ സുകുമാരന്.

1974 ജനുവരി 25-ന് താണിക്കുടം ഉത്സവത്തിന്റെ പറയെടുപ്പിനായാണ് തങ്കമണിയുടെ പുറനാട്ടുകരയിലെ വീട്ടിലേക്ക്‌ ഭർത്താവ് ശ്രീധരനും മക്കളായ സുരേഷ് (7), സുമ(5), സുധാകരൻ(3), സുകുമാരൻ (എട്ടുമാസം) എന്നിവരുമായി വടക്കേ സ്റ്റാൻഡിൽനിന്ന് ‘ഓലക്കട’യെന്ന ബസിൽ കയറിയത്.

സംഭവദിവസം പത്രത്തിൽ വന്ന വാർത്ത

പുഴയ്ക്കലിൽ പാലത്തിനു താഴെ കൃഷിയാവശ്യത്തിന്‌ വെള്ളം കെട്ടിനിർത്തിയിരുന്നു. 18 അടിയോളം ആഴമുണ്ടായിരുന്നു അവിടെ. ഇടുങ്ങിയ പാലത്തിൽ കാറിന് വഴികൊടുക്കുന്നതിനിടെ ഹമ്പിൽത്തട്ടി ബസ് മറിഞ്ഞെന്നാണ് അന്ന് ഒന്നാം പേജിലെ വാർത്തയിലുള്ളത്.

എന്നാൽ, 54 മോഡൽ ബെൻസ് ബസിന്റെ ബ്രേക്ക്‌ നഷ്ടമായതാണെന്നും കഴിയുന്നവരെല്ലാം രക്ഷപ്പെടൂവെന്ന് താൻ അലറിയിരുന്നെന്നും അന്ന് 24 വയസ്സുകാരനായിരുന്ന ജനാർദനൻ പറയുന്നു. ബസ് മുങ്ങാനുള്ള വെള്ളം ഉണ്ടായിരുന്നു. ചെറിയ ഒഴുക്കും. മറിഞ്ഞയുടൻ പിറകിലെ ഗ്ലാസ് തകർത്ത് പുറത്തെത്തി കുറേപ്പേരെ വലിച്ച് രക്ഷപ്പെടുത്തി. അതിനിടെയാണ് വെള്ളത്തിൽനിന്ന് പിഞ്ചുകുഞ്ഞിനെ കിട്ടിയത്.

ജനാർദനെ കോടതി ഒരു വർഷത്തേക്ക്‌ ശിക്ഷിച്ചു. പിഴയടച്ച് തടവുശിക്ഷ ഒഴിവാക്കാമായിരുന്നെങ്കിലും എട്ടുമാസം കണ്ണൂരിൽ ജയിലിൽക്കഴിഞ്ഞു. രണ്ടു കുഞ്ഞുകുട്ടികളുമായി ഭാര്യ ഏറെ കഷ്ടപ്പെട്ടു. ഇപ്പോൾ പൂത്തൂർ സെന്ററിൽ ആയുർവേദ മരുന്നുകട നടത്തുകയാണ്. ഹൃദ്രോഗിയായ ഭാര്യയ്ക്കും തനിക്കും മരുന്നുവാങ്ങാനുള്ള വരുമാനമൊക്കണമെന്ന ആശയേയുള്ളൂ.

അപകടദിവസം ആസ്പത്രിയിലെത്തിയ മുഖ്യമന്ത്രി അച്യുതമേനോൻ, രക്ഷപ്പെട്ട കുഞ്ഞിന് സൗജന്യവിദ്യാഭ്യാസവും സർക്കാർജോലിയും പ്രഖ്യാപിച്ചിരുന്നു. തീരാവേദനയിലായ കുടുംബത്തിന്‌ പക്ഷേ, അക്കാര്യം അന്വേഷിക്കാനൊന്നുമായില്ല.

സുകുമാരനു താഴെ പിറന്ന രണ്ട് മക്കൾക്ക് അപകടത്തിൽ നഷ്ടമായ സുരേഷിന്റെയും സുമയുടെയും പേരാണ്. ശ്രീധരൻ കുറച്ചുവർഷംമുമ്പ് മരിച്ചു. അഞ്ചേരിച്ചിറിയിൽ ഐശ്വര്യ ഡ്രൈവിങ് സ്കൂൾ നടത്തുകയാണ് സുകുമാരൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!