വിളിച്ചുവരുത്തി യുവാവിനെ നഗ്നനാക്കി വീഡിയോ പകര്‍ത്തി, മര്‍ദ്ദനം; സഹോദരിമാരടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

Share our post

കൊച്ചി: യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി വീഡിയോ എടുക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസിൽ മൂന്നു യുവതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി.

മുളവുകാട് പൊന്നാരിമംഗലം പി.എച്ച്‌.സി.ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി അഞ്ജു (28), അഞ്ജുവിന്റെ സഹോദരി പാലാരിവട്ടം തുരുത്തുമ്മേൽ മേരി (22), വെണ്ണല പൂത്തൊളിപറമ്പിൽ ആഷിഖ് (26), ആഷിഖിന്റെ ഭാര്യ ഷഹാന (23), മട്ടാഞ്ചേരി ജന്മപറമ്പിൽ അരുൺ (26) എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.

അഞ്ജു കാക്കനാട് പള്ളിയിൽ വെച്ച് പരിചയപ്പെട്ട തമ്മനത്തുള്ള യുവാവിനെയാണ് സ്നേഹം നടിച്ച് പൊന്നാരിമംഗലത്തുള്ള വാടകവീട്ടിലേക്ക് വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയ യുവാവിനെ മറ്റ് പ്രതികളുമായി ചേർന്ന് മർദിച്ച് അവശനാക്കിയ ശേഷം നഗ്നനാക്കി വീഡിയോ പകർത്തി.

യുവാവിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും എ.ടി.എം. കാർഡും കൈക്കലാക്കി. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.

മുളവുകാട് ഇൻസ്പെക്ടർ പി.എസ്. മൻജിത്ത് ലാൽ, സബ് ഇൻസ്പെക്ടർ എൻ.ജെ. സുനേഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!