ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ തുണികുടുങ്ങി,പുറത്തെടുത്തത് എട്ട് മാസം കഴിഞ്ഞ്

Share our post

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ ആസ്പത്രി അധികൃതരുടെ അനാസ്ഥകാരണം സര്‍ജിക്കല്‍ കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയിലെ ശസ്ത്രക്രിയക്കിടയില്‍ തുണി കുടുങ്ങിയതിനാല്‍ എട്ടുമാസത്തോളം യുവതിക്ക് പല ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മറ്റൊരു ആസ്പത്രിയില്‍ നടത്തിയ പരിശോധനയില്‍ തുണി കണ്ടെത്തി. മണിക്കൂറുകള്‍നീണ്ട തുറന്ന ശസ്ത്രക്രിയക്കുശേഷമാണ് പുറത്തെടുത്തത്.

നെയ്യാറ്റിന്‍കര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുജാ അഗസ്റ്റിന്റെ പേരില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജൂലായ് 26-നാണ് പ്രസവശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയാസമയത്ത് ഉപയോഗിക്കുന്ന തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതറിയാതെ ശരീരം തുന്നിച്ചേര്‍ത്തു. ആറുദിവസത്തിനുശേഷം വീട്ടിലേക്ക് പോയി.

എന്നാല്‍ വീട്ടിലെത്തിയതോടെ ഇവര്‍ക്ക് സ്ഥിരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തില്‍ പഴുപ്പ് എന്നിവ തുടര്‍ന്നതിനാല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെത്തന്നെ കാണിച്ചു. എന്നാല്‍, ഗര്‍ഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകള്‍ കഴിച്ചാല്‍ ശരിയാകുമെന്നായിരുന്നു മറുപടി.

പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആസ്പത്രിയില്‍ വിദഗ്ധ ചികിത്സതേടി. ഇവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ഗര്‍ഭപാത്രത്തില്‍ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആസ്പത്രിവാസവും കഴിഞ്ഞാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഡോക്ടര്‍ സുജാ അഗസ്റ്റിന്‍ അശ്രദ്ധമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് എഫ്.ഐ.ആറിലും പറയുന്നുണ്ട്.

സംഭവിക്കാന്‍ പാടില്ലാത്തത്
സംഭവിക്കാന്‍ പാടില്ലാത്തതാണുണ്ടായത്. ശസ്ത്രക്രിയചെയ്ത ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും സംഭവിച്ച പിഴവാണിത്. അവര്‍ക്കെതിരേ നടപടിയുണ്ടാകും.
– നെയ്യാറ്റിന്‍കര ആസ്പത്രി അധികൃതര്‍


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!