അവധിക്ക് കല്യാണവീട്ടിൽ പോകണം, ഉത്സവം കൂടണം, നീന്തണം, മരംകേറണം -വേറിട്ട ഗൃഹപാഠം നൽകി അധ്യാപകൻ

Share our post

ആലപ്പുഴ: അവധിക്കാലത്ത് ഉത്സവവും പെരുന്നാളും കൂടണം. മരംകേറണം, നീന്തണം, കല്യാണവീട്ടിലും മരണവീട്ടിലും പോകണം-അവധിക്കാലത്ത് കുട്ടികൾക്ക് വേറിട്ട ഗൃഹപാഠം നൽകിയിരിക്കുകയാണ് ചെന്നിത്തല നവോദയ വിദ്യാലയത്തിലെ സാമൂഹികശാസ്ത്ര അധ്യാപകൻ പി.കെ. സഹദേവൻ.

‘നവോദയ സ്കൂളിൽ മാസങ്ങൾ കൂടുമ്പോഴാണ് രക്ഷിതാക്കളും കുടുംബാംഗങ്ങളുമൊക്കെ കുട്ടികളെ കാണാൻ വരുക. അവരെ കണ്ടയുടൻ കുട്ടികൾ ആദ്യംചെയ്യുന്നത് അവരുടെ മൊബൈൽഫോൺ പിടിച്ചുവാങ്ങി അതിൽ മുഴുകുക എന്നതാണ്.

മുത്തശ്ശനും മുത്തശ്ശിയുമൊക്കെ മുടിയിൽ തലോടിയും മറ്റും വിശേഷങ്ങൾ തിരക്കുമ്പോഴും കുട്ടികൾ അതൊന്നും ശ്രദ്ധിക്കാതെ ഫോണിൽ തിരയുന്നതുകാണാം.

അതുകാണുമ്പോൾ വിഷമം തോന്നും. അതുകൊണ്ട്, കുടുംബാംഗങ്ങളും സമൂഹവുമായി കൂടുതൽ ഇടപഴകാനാണ് ഇത്തരമൊരു ഗൃഹപാഠം നൽകണമെന്നു തോന്നിയത്’ -അധ്യാപകൻ പി.കെ. സഹദേവൻ പറഞ്ഞു.

ഗൃഹപാഠം ഇങ്ങനെ

1. ദിവസവും പത്രം വായിക്കണം. ഇഷ്ടമുണ്ടെങ്കിൽ നോവൽ, കഥ, കവിത, നാടകം തുടങ്ങിയവയും വായിക്കണം.

2. വൈകുന്നേരങ്ങളിൽ പൊതു കളിസ്ഥലത്തോ പറമ്പിലോ മറ്റു കുട്ടികളുമായി, പ്രത്യേകിച്ച് അയൽവാസികളായ കുട്ടികളുമായി, ഒരു മണിക്കൂറെങ്കിലും ശരീരം വിയർക്കുന്ന കളികളിൽ ഏർപ്പെടണം.

3. കല്യാണവീടുകളിൽ തലേന്നുപോയി സഹകരിക്കണം. ഇല തുടയ്ക്കൽ, കസേര നിരത്തൽ, ഭക്ഷണം വിളമ്പൽ എന്നിവയിൽ ഏർപ്പെടണം. മരണവീടുകളിൽ പോകണം. ആവശ്യമെങ്കിൽ ചടങ്ങുകളിൽ സഹകരിക്കണം.

4. എന്നും വൈകുന്നേരം മുത്തശ്ശൻ, മുത്തശ്ശി, അച്ഛൻ, അമ്മ, സഹോദരങ്ങൾ, വീട്ടിലെ മറ്റംഗങ്ങൾ എന്നിവർക്കൊപ്പം ഒരു മണിക്കൂറെങ്കിലും ഒന്നിച്ചിരിക്കണം. ആ സമയം മൊബൈൽഫോൺ ഉപയോഗിക്കരുത്.

5. നാട്ടിലെ ഉത്സവം, പെരുന്നാൾ, കല-കായിക ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കണം.

6. അടുക്കളപ്പണിയിലും കൃഷിയിലും മറ്റും വീട്ടുകാരെ സഹായിക്കണം.

7. നീന്തൽ, മരംകേറ്റം തുടങ്ങിയവ മുതിർന്നവരുടെ സാന്നിധ്യത്തിൽ പരിശീലിക്കണം.

8. ചക്ക, മാങ്ങ, പേരയ്ക്ക, ചാമ്പയ്ക്ക, ഞാവൽ, നെല്ലിക്ക തുടങ്ങിയവ നാട്ടിൽനിന്നു ശേഖരിച്ചു കഴിക്കണം. പണംകൊടുത്തു പരമാവധി വാങ്ങാതിരിക്കുക.

9. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോകണം. പ്രത്യേകിച്ച്, പ്രായംചെന്നവരുടെ അടുക്കൽച്ചെന്ന് കുറച്ചുസമയം അവരെ കേൾക്കണം.

10. ഇതൊക്കെ ചെയ്തുകഴിഞ്ഞ് സമയമുണ്ടെങ്കിൽ കംപ്യൂട്ടറിലോ മൊബൈൽ ഫോണിലോ സമയം ചെലവഴിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!