ശ്രീകണ്ഠപുരം: ജില്ലയിലും പുറത്തും സർക്കാർ ഭൂമിയിൽ നിന്ന് വ്യാപക മരംകൊള്ള. ജനങ്ങളെയും അധികൃതരെയും കബളിപ്പിച്ചാണ് റവന്യൂ ഭൂമിയിൽ നിന്നടക്കം വ്യാപകമായി മരങ്ങൾ മുറിച്ചുകടത്തുന്നത്. ദേശീയ -സംസ്ഥാന പാതയോരങ്ങളിലെയും മലയോര അതിർത്തി വനമേഖലകളിലെയും പുഴയോരങ്ങളിലെയും ഉൾപ്പെടെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ പല പ്രദേശങ്ങളിൽ നിന്നായി ഇതിനോടകം മുറിച്ചു കടത്തിയിട്ടുണ്ട്.
സർക്കാറിൽ നിന്ന് ടെണ്ടർ എടുത്തിട്ടുണ്ടെന്നും അതു പ്രകാരമാണ് മരങ്ങൾ മുറിക്കുന്നതെന്നുമാണ് ഇത്തരം സംഘങ്ങൾ പുറത്തു പറയുന്നത്. പട്ടാപകൽ റോഡരികിൽ നിന്നടക്കം കൂറ്റൻ മരങ്ങൾ മുറിക്കുമ്പോൾ ആർക്കും സംശയവും തോന്നാറില്ല.
ചിലയിടങ്ങളിൽ അധികൃതരുടെ ഒത്താശയോടെയും മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്നാണ് വിവരം. തണൽമരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചുമാറ്റി വിൽപന നടത്തുന്നതും പതിവാണ്.
കഴിഞ്ഞവർഷം കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ റോഡരികിൽ നിന്ന് വ്യാപകമായി അനുമതിയില്ലാതെ ഒട്ടേറെ മരങ്ങൾ മുറിച്ചുകടത്തിയത് കണ്ടെത്തിയിരുന്നു.
വർഷങ്ങളായി ഇത്തരത്തിൽ സർക്കാർ മരങ്ങൾ മുറിച്ച് കോടികൾ ചിലർ സമ്പാദിച്ചതായി അന്വേഷണത്തിൽ വ്യക്തമായതോടെ കേസെടുത്തിട്ടുണ്ട്.
രാഷ്ട്രീയ -ഉദ്യോഗസ്ഥ ഒത്താശയോടെയും ചിലയിടങ്ങളിൽ മരങ്ങൾ മുറിച്ച് കടത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ സർക്കാർ ഓഫിസ് വളപ്പിൽ നിന്ന് ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചുകടത്തിയ സംഭവം തെളിഞ്ഞത് ഏറെ വൈകിയാണ്. അവിടെയും പൊലീസും വിജിലൻസും കേസന്വേഷിച്ച് സർക്കാറിൽ റിപ്പോർട്ട് നൽകിയിരുന്നു.
റോഡ് വികസനത്തിന്റെയും സർക്കാർ ഓഫിസ് നവീകരണത്തിന്റെയും മറ്റ് വിവിധ പദ്ധതികളുടെയും മറവിൽ ടെണ്ടർ നൽകാതെ മരങ്ങൾ മുറിച്ച് വിൽപന നടത്തി ചില ഉദ്യോഗസ്ഥരും മറ്റും പണം കൊയ്യുന്നുണ്ട്. അതിർത്തി വനമേഖലയിൽ നിന്നടക്കം വലിയ മരങ്ങൾ നേരത്തെ തന്നെ അപ്രത്യക്ഷമായ സംഭവങ്ങളുണ്ട്.
വന്യ മൃഗവേട്ടക്കും മരം കൊള്ളക്കും കാവൽക്കാർ തന്നെ കൂട്ടുനിൽക്കുന്ന സ്ഥിതി ചിലയിടങ്ങളിലുണ്ട്. കഴിഞ്ഞ വർഷം ജില്ലയിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പാവന്നൂരിൽ ഒന്നേമുക്കാൽ ലക്ഷം രൂപയുടെ മരങ്ങളാണ് സർക്കാർ ഭൂമിയിൽ നിന്ന് മുറിച്ചുകടത്തിയത്. സംഭവത്തിൽ
കുറ്റ്യാട്ടൂർ പഞ്ചായത്ത് സെക്രട്ടറി പ്രകാശന്റെ പരാതിയിൽ കമ്പിൽ സ്വദേശികളായ നവാസ്, ബാദുഷ എന്നിവർക്കെതിരെ മയ്യിൽ പൊലീസാണ് കേസെടുത്തത്. പാവന്നൂരിലെ സർക്കാർ ഭൂമിയിൽ നിന്ന് പട്ടാപകലാണ് വിവിധയിനം മരങ്ങൾ മുറിച്ചുകടത്തിയത്.
ആളുകൾ നോക്കിനിൽക്കെയാണ് ഇല്ലാത്ത ടെണ്ടർ പറഞ്ഞ് മരങ്ങൾ മുഴുവൻ മുറിച്ച് കടത്തിയതത്രെ. സംശയം തോന്നിയ ചിലരാണ് പഞ്ചായത്തിൽ അന്ന് വിവരമറിയിച്ചത്. തുടർന്നാണ് സെക്രട്ടറി സ്ഥലം പരിശോധിച്ച് കേസ് നൽകിയത്. മയ്യിൽ പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വിവിധ ഭാഗങ്ങളിൽ റോഡരികിൽ നിന്നടക്കം മരങ്ങൾ മുറിച്ചുകടത്തുന്ന വൻ ലോബി ഇവരുടെ പിന്നിലുണ്ടെന്ന വിവരം ലഭിച്ചിരുന്നു. കേസ് കോടതിയിൽ നടക്കുകയാണ്.
ജില്ലയിൽ ഉൾഗ്രാമങ്ങളിലടക്കം പുഴയോരങ്ങളിലും മറ്റും വ്യാപക മരംമുറി നടക്കുന്നുണ്ട്. അതിർത്തി വനമേഖലകളിൽ നിന്ന് വ്യാപകമായി ഈറ്റകളും മരങ്ങളും മുറിച്ചതിന് നേരത്തെ കുടിയാൻമല, ആലക്കോട്, പയ്യാവൂർ പൊലീസ് സ്റ്റേഷനുകളിലും കേസെടുത്തിരുന്നു.
എന്നാൽ കുറ്റക്കാർ ജാമ്യത്തിലിറങ്ങിയതോടെ മരംകൊള്ള തുടരുകയായിരുന്നു. സർക്കാർ ഭൂമിയിൽ നിന്ന് ടെണ്ടറെടുക്കാതെ മരങ്ങൾ മുറിച്ചു കടത്തുന്ന വൻ ലോബി തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെക്കുന്നതാണ് തുടർച്ചയായുള്ള മരം മുറി. സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറിയതിനും മരം കളവ് ചെയ്ത് കൊണ്ട് പോയതിനുമുള്ള വകുപ്പുകൾ ചേർത്താണ് മരം കൊള്ളക്കാർക്കെതിരെ കേസെടുത്തിരുന്നത്.
പലയിടത്തും ആളുകൾ ശ്രദ്ധിക്കുന്നില്ലെന്ന തിരിച്ചറിവാണ് സർക്കാർ ഭൂമിയിൽ നിന്നടക്കമുള്ള മരംകൊള്ള വ്യാപിക്കാൻ കാരണമായത്. കർശന പരിശോധന തുടർന്നാൽ മരം കൊള്ളക്കാരായവർ കുടുങ്ങും. എന്നാൽ പലതിനും രാഷ്ട്രീയ പിൻബലമുള്ളതിനാൽ നടപടിയെങ്ങുമെത്തില്ലെന്നതാണ് യാഥാർഥ്യം.