മംഗലപുരം: പതിനഞ്ചുകാരന്റെ ക്വട്ടേഷനെ തുടര്‍ന്ന് മംഗലപുരത്ത് ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേര്‍ക്ക് കത്തിക്കുത്തേറ്റു.
ആനതാഴ്ചിറ നിസാം മന്‍സിലില്‍ നിസാമുദ്ദീന്‍ (19), വെള്ളൂര്‍ സ്വദേശി സജിന്‍ (19), ആനതാഴ്ചിറ ലക്ഷം വീട് കോളനിയില്‍ സനീഷ് (21), നിഷാദ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കാപ്പ ചുമത്തി ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതികളാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം എസ്.ആര്‍. മന്‍സിലില്‍ ഷെഹിന്‍ കുട്ടന്‍ (26), മുള്ളന്‍ കോളനി ആലുനിന്നവിള വീട്ടില്‍ അഷ്റഫ് (24), പതിനഞ്ചു കാരനായ വിദ്യാര്‍ഥി എന്നിവരെ പോലീസ് പിടികൂടി.
ആക്രമണം നടത്തുന്നതിനു മുമ്പ് പ്രതികള്‍ മംഗലപുരത്തെത്തിയ പനവൂര്‍ സ്വദേശി ഓട്ടോ ഡ്രൈവറായ സിദ്ദിഖിനെ(44) മര്‍ദിക്കുകയും പണവും മൊബൈല്‍ ഫോണും കവരുകയും ചെയ്തിരുന്നു. നാകൊയ്ത്തൂര്‍ക്കോണം വെള്ളൂര്‍ പള്ളിക്കു സമീപമാണ് മൂന്നംഗസംഘം ആക്രമണം അഴിച്ചുവിട്ടത്.
ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത് വെള്ളൂര്‍ സ്വദേശിയായ പതിനഞ്ചുകാരനാണ്. ശനിയാഴ്ച രാത്രി ഏഴര മണിയോടുകൂടിയായിരുന്നു ആക്രമണം നടന്നത്.
വെള്ളൂര്‍ പള്ളിയില്‍നിന്ന് നോമ്പുതുറന്ന് തിരികെ പോകുന്നതിനിടയിലായിരുന്നു മൂന്നുപേര്‍ക്ക് കുത്തേറ്റത്. ഒരാളെ മര്‍ദിക്കുകയും ചെയ്തു. കളിസ്ഥലത്തുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മംഗലപുരം പോലീസ് പറയുന്നു.
കത്തിയും വെട്ടുകത്തിയുമായി എത്തിയ പ്രതികള്‍ ഒരു പ്രകോപനവും ഇല്ലാതെയാണ് ഇവരെ ആക്രമിച്ചത്. പിടിച്ചുമാറ്റാനെത്തിയവര്‍ക്കും മര്‍ദനമേറ്റു. വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തില്‍ കുത്തേറ്റ നിസാമുദ്ദീന്‍ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മംഗലപുരം പോലീസ് അക്രമണം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തില്‍ പരിക്കേറ്റവരില്‍നിന്നും നാട്ടുകാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കേസിലെ മറ്റൊരു പ്രതിയായ അന്‍സറിനെ പിടികൂടാനുണ്ട്. ഇയാള്‍ പിടിയിലായ അഷ്റഫിന്റെ സഹോദരനാണ്.
മര്‍ദനത്തില്‍ പരിക്കേറ്റ സിദ്ദിഖ് ആസ്പത്രിയില്‍ ചികിത്സതേടുകയും മംഗലപുരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികള്‍ക്കെതിരേ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം മംഗലപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പിടിയിലായവരെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഷ്റഫിന് മംഗലപുരം ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളും ഷെഹിനിന് പതിനാറോളം കേസുകളും നിലവിലുണ്ട്.
ആറുമാസം മുമ്പ് ജയില്‍മോചിതരായ ഇരുവരും മംഗലപുരത്തെ വിദേശ മദ്യശാലയ്ക്കു സമീപംവെച്ച് കൈലാത്തുകോണം സ്വദേശിയായ യുവാവിനെ വെട്ടി പ്പരിക്കേല്‍പ്പിച്ചിരുന്നു.