അടവി ഇക്കോ ടൂറിസം പദ്ധതിയിലെ മുളങ്കുടിലുകളുടെ വാടക കുറച്ചു

കോന്നി: വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയിലെ മുളങ്കുടിലുകളുടെ ( ട്രീ ടോപ് ബാംബു ഹട്ട് ) വാടക കുറച്ചു. മുൻപ് ഒരു ദിവസം 4000 രൂപയായിരുന്നത് 3000 രൂപയായിട്ടാണ് കുറിച്ചിരിക്കുന്നത്. മദ്ധ്യവേനൽ അവധി പ്രമാണിച്ച് ഇവിടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. അഞ്ച് മുളങ്കുടിലുകൾ ഉള്ളതിൽ മൂന്ന് എണ്ണമാണ് സഞ്ചാരികൾക്കായി ഇപ്പോൾ നൽകുന്നത്. രണ്ടെണ്ണത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്.
കാടിന്റെ കുളിർമ്മയും ശാന്തതയും തേടി കാട്ടാറിന്റെ മനോഹര തീരത്ത് കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും സാന്നിദ്ധ്യത്തിൽ ഇവിടെ രാപാർക്കാൻ കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങി. ബാംബു കോർപറേഷന്റെ ഫാക്ടറികളിൽ നിന്നെത്തിച്ച സംസ്കരിച്ച് ബലപ്പെടുത്തിയ മുളയും മുളയുടെ വിവിധ ഉത്പന്നങ്ങളും ഉപയോഗിച്ച് നിർമ്മിച്ച മുളങ്കുടിലുകളും ഡൈനിങ് ഹാളുമാണ് ഇവിടെയുള്ളത്.
സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരമേഖലയിൽ ആദ്യമായി ആരംഭിച്ച കുട്ടവഞ്ചി സവാരിയും അടവിയിലാണ്. തണ്ണിത്തോട് മുണ്ടോംമൂഴിയിൽ കല്ലാറിന്റെ ഓളങ്ങളിലൂടെയുള്ള കുട്ടവഞ്ചിസവാരിയും മുളങ്കുടിലുകളിലെ താമസവും സഞ്ചാരികൾക്ക് പുതിയ അനുഭവങ്ങളാണ് നൽകുന്നത്. കോന്നിയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് തണ്ണിത്തോട് പഞ്ചായത്തിലെ അടവി.
ഇവിടുത്തെ കുട്ടവഞ്ചികൾ നിർമ്മിച്ചതും പ്രദേശത്തെ ആളുകളെ അതിൽ തുഴച്ചിൽ പരിശീലിപ്പിച്ചതും തമിഴ്നാട്ടിലെ ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിനടുത്ത് നിന്നുള്ള വിദഗ്ദ്ധരായിരുന്നു.പ്രകൃതി രമണീയംമൺസൂൺ കാലമാണ് അടവി ആസ്വാദിക്കാൻ പറ്റിയ സമയം.
ആ സമയങ്ങളിൽ കല്ലാറിൽ തെളിഞ്ഞ വെള്ളവും ചുറ്റും പച്ചപ്പും മറ്രുമായി നല്ലൊരു വിരുന്നാകും പ്രകൃതി ഒരുക്കിവച്ചിരിക്കുക. കുട്ടവഞ്ചി യാത്രയ്ക്ക് സാധാരണ രണ്ട് പാക്കേജുകൾ ലഭ്യമാണ്. നാലുപേർക്ക് 400 രൂപയ്ക്ക് സവാരി ചെയ്യാവുന്ന ഷോർട്ട് റൈഡും, എട്ട് പേർക്ക് 800 രൂപയ്ക്ക് നടത്താവുന്ന ലോംഗ് റൈഡുമാണത്. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് സന്ദർശന സമയം.