ബാബുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
കാഞ്ഞങ്ങാട്: പാണത്തൂർ പുത്തൂരടുക്കത്ത് 54കാരനായ പി.വി. ബാബുവിനെ ഭാര്യയും മകനും ചേർന്ന് കൊലപ്പെടുത്തിയത് അതിനിഷ്ഠൂരമായി. ക്രൂരമായ അടിയേറ്റ് ബാബുവിന്റെ നാല് വാരിയെല്ലുകൾ തകർന്നു. ഇവയിൽ ചിലത് ഹൃദയത്തിലേക്ക് തുളച്ചുകയറിയാണ് മരണമെന്ന് പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിൽ ശനിയാഴ്ച നടത്തിയ വിദഗ്ധ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
മാരകമായ 13 മുറിവുകളാണ് ബാബുവിന്റെ മൃതദേഹത്തിൽ കണ്ടെത്തിയത്. തലക്കും നെഞ്ചിനും കാലിനും ഉൾപ്പെടെ പ്രതികൾ ക്രൂരമായി അടിച്ചു. ഇതിന് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചു. വെട്ടിയും പരിക്കേൽപ്പിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
രാജപുരം പൊലീസ് ഇൻസ്പെക്ടർ കെ. കൃഷ്ണൻ, സബ് ഇൻസ്പെക്ടർ മനോജ് കുമാർ കൊട്രച്ചാൽ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പഴുതടച്ചുള്ള അന്വേഷണത്തിലാണ് സ്വാഭാവിക മരണമായി മാറുമായിരുന്ന ഒരു മരണത്തിൽ കൊലപാതകം തെളിയിക്കാനായത്.
വെള്ളിയാഴ്ച രാവിലെ മുതൽ ഭാര്യ സീമന്തനിയും 19 വയസ്സുകാരനും കോളജ് വിദ്യാർഥിയുമായ മകൻ സബിനും ചേർന്ന് ബാബുവിനെ വീട്ടിനകത്ത് ക്രൂരമായി മർദ്ദിച്ചിരുന്നു.
കരുതിക്കൂട്ടിയും കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടുകൂടിയായിരുന്നു ഇവർ ആക്രമണം നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. അടിയേറ്റ് അവശനായ ബാബു വീട്ടിൽ നിന്നും ഇഴഞ്ഞുനീങ്ങി പുറത്തേക്ക് എത്തിയിരുന്നു.
വീടിന് അൽപം അകലെ റോഡിലാണ് ബാബുവിനെ മരിച്ച നിലയിൽ കാണുന്നത്. വസ്ത്രവും ശരീരവും ഉൾപ്പെടെ രക്തത്തിൽ മുങ്ങിക്കുളിച്ച ബാബുവിന്റെ ശരീരം ഉൾപ്പെടെ ഭാര്യയും മകനും ചേർന്ന് തുടച്ച് കഴുകി വൃത്തിയാക്കിയിരുന്നു.
രക്തത്താൽ മുങ്ങിയ മുണ്ടും ഷർട്ടും ഇവർ അഴിച്ചു മാറ്റുകയും പകരം പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തു. രക്തത്തിൽ മുങ്ങിയിരുന്ന വീടിന്റെ അകത്തളം പാടെ വൃത്തിയാക്കി . ബാബുവിന്റെ അഴിച്ചെടുത്ത വസ്ത്രങ്ങൾ വീടിന് അൽപം അകലെയായി ഒരു പാത്രത്തിൽ വെള്ളത്തിൽ ഇട്ടുവെച്ച് അലക്കാൻ എന്ന വ്യാജേന സൂക്ഷിച്ചിരിക്കുകയായിരുന്നു.
ബാബു വീണു മരിച്ചതാണെന്ന് വരുത്തിതീർക്കാൻ ഇവർ രാജപുരം പൊലീസിനെ വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. ബാബു റോഡിൽ വീണു കിടക്കുന്നത് കണ്ടു സ്ഥലത്തെത്തിയ ചിലരോട് കാൽവഴുതി വീണതാണെന്ന് തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.
സീമന്തനി ചിലരെ വിളിച്ച് ബാബു വീണു മരിച്ചതായി ഫോണിലൂടെ പറയുകയും ചെയ്തിരുന്നു. ഇതുവഴി എത്തിയ രണ്ടുപേരാണ് ബാബുവിനെആംബുലൻസ് വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ചത്.വീണു മരിച്ചു എന്ന ധാരണയിലായിരുന്നു അപ്പോഴും നാട്ടുകാർ. പൊലീസ് എത്തുംമുമ്പ് റോഡിൽ ഒഴുകിയിരുന്ന രക്തവും ഭാര്യയും മകനും ചേർന്ന് വൃത്തിയാക്കിയിരുന്നു.
സ്ത്രീയും മകനും ചേർന്ന് വൃത്തിയാക്കിയ വീടിന്റെ മൂലയിലായി രണ്ടു തുള്ളി രക്തക്കറ പൊലീസിന്റെറെ ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടന്ന പരിശോധനയിൽ റോഡിന്റെ സമീപത്തും രക്തക്കറകൾ കണ്ടു. ഇതോടെ പൊലീസിന്റെ സംശയം ബലപ്പെട്ടു.
വീടിന്റെ പരിസരം പരിശോധിച്ചപ്പോഴാണ് ബാബുവിന്റെ വസ്ത്രങ്ങൾ വെള്ളത്തിലിട്ട് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഭാര്യയെയും മകനെയും പൊലീസ് നിരീക്ഷണ വലയത്തിലാക്കി. റോഡിലും വീട്ടിലും വസ്ത്രത്തിലും കണ്ട രക്തം ബാബുവിന്റെതാണെന്ന് ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബാബുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മദ്യപിച്ച് വീട്ടിൽ ഉണ്ടാകുന്ന നിരന്തര പ്രശ്നമാണ് പ്രതികളെ ബാബുവിനെ മൃഗീയമായി കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത് എന്നാണ് പ്രതികൾ തന്നെ പൊലീസിന് നൽകിയ വിവരം.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിൻ, ജയരാജൻ, സാജൻ, അനീഷ് എന്നിവരും അന്വേഷണത്തിൽ പങ്കാളികളായി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഞായറാഴ്ച ഹോസ്ദുർഗ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.