ഫയര്‍ ആന്‍ഡ് റെസ്‌ക്യുവിനും രക്ഷയില്ല; പ്രായമായ 70 ഫയര്‍ എന്‍ജിനുകള്‍ പൊളിക്കാന്‍ കേന്ദ്രം

Share our post

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ അഗ്‌നിരക്ഷാസേനയുടെ 70 ഫയര്‍ എന്‍ജിനുകള്‍ക്ക് രജിസ്ട്രേഷന്‍ നഷ്ടമായി.

190 ഫയര്‍എന്‍ജിനുകള്‍ മാത്രമുള്ള സേനയെ സംബന്ധിച്ച് 70 എണ്ണം പിന്‍വലിക്കുക ദുഷ്‌കരമാണ്. വാഹനങ്ങള്‍ക്ക് ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് അഗ്‌നിരക്ഷാസേന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

ഫയര്‍ എന്‍ജിനുകള്‍ക്ക് പുറമേ സേനയുടെ 30 വാഹനങ്ങള്‍ക്കുകൂടി രജിസ്ട്രേഷന്‍ നഷ്ടമായിട്ടിട്ടുണ്ട്. ഫയര്‍എന്‍ജിനുകള്‍ ഉടന്‍ പൊളിക്കേണ്ടിവന്നാല്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് സേന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫയര്‍എന്‍ജിനുകളെ ഹെവി വാഹനങ്ങളുടെ വിഭാഗത്തില്‍നിന്ന് മാറ്റി പ്രത്യേകാവശ്യത്തിനുള്ള വാഹനങ്ങളായി പരിഗണിച്ച് സംരക്ഷണംനല്‍കണമെന്ന് ആഭ്യന്തരവകുപ്പിന് നല്‍കിയ കത്തിലും ആവശ്യപ്പെട്ടു. 111 അഗ്‌നിരക്ഷാനിലയങ്ങളിലായി 685 വാഹനങ്ങളാണ് സേനയ്ക്കുള്ളത്.

ലോറിയുടെ ചേസിസ് വാങ്ങി ഫയര്‍എന്‍ജിനുകള്‍ നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. മറ്റുവാഹനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇവയുടെ ഉപയോഗം.

15 വര്‍ഷം കഴിഞ്ഞെങ്കിലും ഒന്നരലക്ഷം കിലോമീറ്റര്‍പോലും പിന്നിടാത്ത വാഹനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ദുരന്തമുഖങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മികച്ച സാങ്കേതികക്ഷമതയിലാണ് സൂക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ 15 വര്‍ഷ കാലാവധി നിശ്ചയിച്ച് ഉപേക്ഷിക്കുന്നത് സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കും.

ഒരു ഫയര്‍എന്‍ജിന് 50 ലക്ഷം രൂപയെങ്കിലും മുടക്കേണ്ടിവരും. ഉടനടി ഇവ വിപണിയില്‍ ലഭ്യവുമല്ല. 30 കോടി രൂപയെങ്കിലും മുടക്കിയാലെ പകരം പുതിയ വാഹനങ്ങള്‍ ഇറക്കാന്‍ കഴിയു. ഇവ നിരത്തില്‍ ഇറക്കണമെങ്കില്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും.

പൊളിക്കല്‍ പട്ടികയില്‍പ്പെട്ട 245 കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് സാവകാശം നല്‍കിയിരുന്നു. ഇതേ മാതൃകയില്‍ ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അഗ്‌നിശമനസേനയും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!