എസ്.ഐ.ക്ക്‌ താഴെയുള്ള ഉദ്യോഗസ്ഥർ പോക്‌സോ കേസ് അന്വേഷിക്കരുതെന്ന് നിർദേശം

Share our post

തിരുവനന്തപുരം: പോക്സോ കേസുകൾ അന്വേഷിക്കുന്നതും കുറ്റപത്രം സമർപ്പിക്കുന്നതും എസ്.ഐ.ക്ക് താഴെയുള്ളവർ ചെയ്യരുതെന്ന് പോലീസ് മേധാവിയുടെ കർശന നിർദേശം. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ വീഴ്ചകളുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്.

ഗ്രേഡ് എസ്.ഐ.മാരും എ.എസ്.ഐ.മാരും അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും നടത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് കോട്ടയം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയത്.
ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത വനിതാ ഉദ്യോഗസ്ഥയായിരിക്കണം പോക്സോ കേസുകളുടെ മേൽനോട്ടം വഹിക്കേണ്ടതെന്ന് നേരത്തേതന്നെ നിർദേശമുണ്ട്. വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥർ പോക്സോ കേസുകളുടെ അന്വേഷണണത്തിന് മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതിയും മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.
ഇതേത്തുടർന്ന് അന്ന് ഡി.ജി.പി.യായിരുന്ന ലോക്‌നാഥ് ബെഹ്റ ചിലനിർദേശങ്ങൾ നൽകിയിരുന്നു. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ മാത്രമേ പോക്സോ കേസുകളിൽ മൊഴിയെടുക്കാവൂ. കേസ് രജിസ്റ്റർ ചെയ്താൽ 48 മണിക്കൂറിനുള്ളിൽ പോലീസ് ഒരു ലെയ്‌സൺ ഓഫീസറെ നിയമിക്കുകയും അദ്ദേഹം പരാതിക്കാരുടെ കുടുംബവുമായും ഇരയുമായും ഇടപെട്ട് പ്രോസിക്യൂഷനെ സഹായിക്കണം.
മജിസ്‌ട്രേറ്റോ പോലീസോ മൊഴിയെടുക്കുമ്പോൾ നിയമാനുസൃതം റെക്കോഡ് ചെയ്യണം. ലൈംഗികാതിക്രമ തെളിവുകൾ ശേഖരിക്കുമ്പോൾ മനോരോഗ വിദഗ്ധരെയോ മനശ്ശാസ്ത്രജ്ഞരെയോ സാക്ഷികളാക്കണം. അന്തിമ റിപ്പോർട്ട് തയ്യാറാക്കുംമുമ്പ് അവശ്യമായ തെളിവുകളെല്ലാം ശേഖരിക്കുകയും വേണം – തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!