മാർച്ചും കഴിഞ്ഞു , മാഹി ബൈപ്പാസ് ഇനി എന്ന് തുറക്കാനാ…

തലശ്ശേരി: തൊണ്ണൂറു ശതമാനവും പണി പൂർത്തിയായ തലശ്ശേരി-മാഹി ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. ആറുവരിപ്പാത കഴിഞ്ഞ മാർച്ചിൽ തുറന്ന് കൊടുക്കുമെന്നായിരുന്നു ഏറ്റവുമൊടുവിൽ അധികൃതർ നൽകിയ ഉറപ്പ്.
എന്നാൽ ഇപ്പോഴും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നുമായിട്ടില്ല.2017ൽ തുടങ്ങിയ ബൈപ്പാസ് 30 മാസം കൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ.മഹാപ്രളയവും കൊവിഡും നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചു. ഇതിന് ശേഷം പലതവണ സമയം നീട്ടിനൽകിയിരുന്നു.
റെയിൽവേ മേൽപ്പാലത്തിനോടനുബന്ധിച്ച് ഇരുഭാഗത്തും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും, റെയിൽവെ മാനദണ്ഡങ്ങൾ ഇടയിൽ പ്രതിബന്ധമായി.നിർമ്മാണത്തിനിടെ പുഴയിൽ കൂപ്പുകുത്തിയ
ബാലത്തിൽ പാലത്തിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. മാഹി റെയിൽ പാളത്തിന് മുകളിലൂടെ കടന്നു പോകേണ്ട മേൽപാലത്തിന്റെ നിർമ്മാണവും ഇനിയും തുടങ്ങിയിട്ടുമില്ല.
ഇതിന് ആവശ്യമായ അനുമതി റെയിൽവേ ഇതുവരെ നൽകിയിട്ടില്ല.ബൈപ്പാസിന്റെ ഭാഗമായി നാല് പാലങ്ങളും 22 അടിപ്പാതകളും നിർമ്മിച്ചു. റോഡിൽ അടയാളപ്പെടുത്തൽ, പെയിന്റിംഗ്, തിരിച്ചറിയാനുള്ള ബോർഡ്, റിഫ്ളക്ടർ എന്നിവയും പൂർത്തിയായി. പാലയാട്ടുനിന്ന് നിട്ടൂർ വരെ 900 മീറ്റർ നീളത്തിൽ ബൈപാസിലെ ഏറ്റവും വലിയ പാലമാണ് ആദ്യം നിർമ്മിച്ചത്.
ആകെയുള്ള 18.6 കിലോമീറ്റർ റോഡിൽ ഈസ്റ്റ് പള്ളൂരിൽ മാത്രമേ സിഗ്നൽ ക്രോസിംഗുള്ളൂ.. അഞ്ചരക്കണ്ടിപ്പുഴയ്ക്ക് കുറുകെ മുഴപ്പിലങ്ങാടിനെ ചിറക്കുനിയുമായി ബന്ധിപ്പിക്കുന്ന 420 മീറ്റർ നീളമുള്ള പാലം, എരഞ്ഞോളിപ്പുഴയ്ക്ക് കുറുകെയുള്ള പാലം, കവിയൂർ മുതൽ മാഹിവരെയുള്ള 870 മീറ്റർ പാലം എന്നിവയും പൂർത്തിയായി.
സർവീസ് റോഡിന് ഭൂമിയേറ്റെടുക്കണംസർവീസ് റോഡിന്റെ ഭൂമിയേറ്റെടുപ്പ് ഇനിയും ബാക്കിയുണ്ട്.
അഴിയൂരിൽ ബൈപ്പാസ് അവസാനിക്കുന്ന റോഡിൽ ഇടതുവശത്തെ സർവീസ് റോഡ് പ്രധാനറോഡിലാണ് അവസാനിക്കുന്നത്. ഭൂമിയേറ്റെടുപ്പിലെ കാലതാമസമാണ് ഇതിന് കാരണം. ബൈപാസ് പൂർത്തിയായാലും ചിലയിടങ്ങളിൽ സർവീസ് റോഡ് പൂർത്തിയാകുമെന്ന് കരുതാനാവില്ല.സർവീസ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിൽ നിരവധിപേർക്ക് പണം കിട്ടാനുമുണ്ട്.
മങ്ങാട് ഭാഗത്ത് സർവിസ് റോഡ് നിർമ്മിക്കുമെന്നത് വെറും വാക്കായി. പലർക്കും വീട്ടിലേക്ക് എത്തിച്ചേരാനുള്ള വഴിയടഞ്ഞു. മഴ പെയ്താൽ വെള്ളംഒഴുകിപ്പോകാനുള്ള സംവിധാനവും ഇവിടെയില്ല.മാഹി-തലശ്ശേരി ബൈപ്പാസ്ദേശീയപാതയിൽ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലാ അതിർത്തിയായ അഴിയൂർവരെയാണ് ബൈപ്പാസ്.
” ബൈപാസ് വരുമ്പോൾ സർവ്വീസ് റോഡ് നിർമ്മിച്ചു നൽകുമെന്ന് തഹസിൽ ഒപ്പിട്ട് നൽകിയ രേഖ കൈവശമുണ്ട്.
സർവ്വീസ് റോഡിന്റെ പണി നിർത്തിവെച്ചിരിക്കുകയാണ്. മഴക്കാലം തൊട്ടു മുന്നിലെത്തിയിരിക്കെ ഇവിടമാകെ വെള്ളം കയറുമെന്നതിൽ സംശയമില്ല.കഴിഞ്ഞവർഷം ഇതിന്റെ ദുരന്തം ഞങ്ങൾ അനുഭവിച്ചതാണ്.”മിനി അരുൺ കവിയൂർ