കുഴിമന്തി കഴിച്ചതിനുപിന്നാലെ നാലുവയസ്സുകാരന് ഷിഗെല്ല ; രോഗത്തെക്കുറിച്ചറിയാം, മുൻകരുതലുകളും

മഞ്ചേരി: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ഛർദിയും വയറിളക്കവും പനിയുമുണ്ടായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ നാലുകുട്ടികളിൽ ഒരാൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.
മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസ്സുള്ള കുട്ടി കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിൽ, കോഴിക്കോട് മെഡിക്കൽകോളേജ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
കടുത്ത പനിയും വയറിളക്കവും കാരണം കോഴിക്കോട് മെഡിക്കൽകോളേജ് ആസ്പത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
ഷിഗല്ല
ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്.
രോഗലക്ഷണങ്ങൾ
വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം
ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കം ഉണ്ടാവുമ്പോൾ രക്തവും പുറന്തള്ളപ്പെടാം
രണ്ടുമുതൽ ഏഴുദിവസംവരെ രോഗലക്ഷണങ്ങൾ കാണും. ചില കേസുകളിൽ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം. ചിലരിൽ ലക്ഷണങ്ങൾ ഉണ്ടാവില്ല.
രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെ രോഗമുള്ള കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്.
പകർച്ചാരീതി
മലിനജലം, കേടായ ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.
മുൻകരുതലുകൾ
- പനി, രക്തംകലർന്ന മലവിസർജനം, നിർജലീകരണം, ക്ഷീണം എന്നിവയുണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം
- തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക, കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക
- ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക
- തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക, കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയാംവിധം സംസ്കരിക്കുക
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക
- വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായരീതിയിൽ നിർമാർജനം ചെയ്യുക
- രോഗലക്ഷണമുള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക
- പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക, ഭക്ഷണപദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക
- ഭക്ഷണ പാകംചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ചശല്യം ഒഴിവാക്കുക
- ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം, പാകംചെയ്ത് പലതവണ ചൂടാക്കിക്കഴിക്കുന്ന രീതി ഉപേക്ഷിക്കുക
- കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക
- വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക
- പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക
- രോഗലക്ഷണമുള്ളവർ ഒ.ആർ.എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക
- ഹോട്ടലുകളിൽ ജോലിചെയ്യുന്നവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും രോഗലക്ഷണങ്ങളുള്ളവർ ജോലിചെയ്യുന്നില്ല എന്നും ഹോട്ടലുടമകൾ ഉറപ്പുവരുത്തണം