ദേശീയപാത: എടക്കാട് അടിപ്പാത നിർമാണം തകൃതി

എടക്കാട്: ദേശീയപാത 66 പുതിയ ആറുവരിപ്പാതയിൽ എടക്കാട് റെയിൽവേ സ്റ്റേഷൻ കടന്നുപോകുന്ന ഭാഗത്തെ അടിപ്പാതയുടെ പ്രവൃത്തി പകുതിഭാഗം പൂർത്തിയായി.
കണ്ണൂരിൽനിന്ന് വരുമ്പോൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിന് സമീപമാണ് ദേശീയപാതയിൽനിന്ന് അടിപ്പാതക്കു മുകളിലേക്കുള്ള കയറ്റം ആരംഭിക്കുന്നത്.
എടക്കാട് പൊലീസ് സ്റ്റേഷന് സമീപത്തായി ഇറങ്ങുന്ന രീതിയിലാണ് ടാറിങ് ഉൾപ്പെടെ നിർമാണം പൂർത്തീകരിച്ചത്.
ബുധനാഴ്ച പത്തോടെ നേരത്തേ വാഹനങ്ങൾ കടന്നുപോയ ദേശീയപാത അടക്കുകയും നിർമാണം പൂർത്തീകരിച്ച പുതിയപാത ഗതാഗതത്തിന് തുറന്ന് കൊടുക്കുകയും ചെയ്തു.
മറുഭാഗത്ത് ബാക്കി വരുന്ന അടിപ്പാതയുടെ നിർമാണ പ്രവർത്തനവും ബുധനാഴ്ച ആരംഭിച്ചു. അടിപ്പാത 12 മീറ്റർ വീതിയിലാണ് നിർമിച്ചത്.
ഒരേ സമയം രണ്ടു വലിയ വാഹനങ്ങൾക്ക് പോകാനും ഇരുവശവും കാൽനടക്കാർക്കുള്ള നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
കുളം ബസാറിലും എടക്കാടും അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് രണ്ട് മാസമായി പ്രവർത്തനം നിലച്ചിരിക്കുകയാണ്. എടക്കാട് അടിപ്പാതയുടെ ഉത്തരവ് വന്നെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.