പാമ്പ് കടിച്ചു, പ്രതികാരമായി അതേ പാമ്പിന്റെ തല കടിച്ച് മുറിച്ച് കൊന്ന് വീഡിയോ എടുത്തു; മൂന്ന് യുവാക്കൾ പിടിയിൽ

ചെന്നൈ: തമിഴ്നാട് റാണിപ്പേട്ടിൽ പാമ്പിന്റെ തല കടിച്ച് മുറിച്ച് കൊന്നശേഷം വീഡിയോ പ്രചരിപ്പിച്ച മൂന്ന് യുവാക്കൾ പിടിയിൽ. കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
ഭയാനകമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പരിസ്ഥിതി പ്രവർത്തകർ വന്യജീവി സംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.മോഹന്റെ കൈയിൽ പാമ്പ് നേരത്തേ കടിച്ചുവെന്നും, ഇതിന്റെ പ്രതികാരമായിട്ടാണ് കടിച്ച് കൊലപ്പെടുത്താൻ പോകുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്.
പാമ്പിനെ വെറുതേ വിടണമെന്ന് മറ്റ് രണ്ടുപേരും ആവശ്യപ്പെടുന്നുണ്ടെങ്കിലും മോഹൻ അതിന് തയ്യാറായില്ല. തുടർന്ന് പാമ്പിന്റെ തലയിൽ ഇയാൾ കടിച്ചു. ശേഷം പാമ്പിന്റെ ചോരയൊലിക്കുന്ന ശരീരവും വേർപെട്ട തലയും വീഡിയോയിൽ സൂം ചെയ്ത് കാണിക്കുന്നുണ്ട്.
ഇത് ചിത്രീകരിക്കുന്നതിനിടെ ഇവർ ചിരിക്കുന്നതും കേൾക്കാം.വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടി കേസെടുത്തു. മൂന്നുപേർക്കുമെതിരെ മൃഗപീഡനം, വന്യജീവിയെ കൊലപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.