ഉഗ്രസ്ഫോടനവും കുന്നിടിക്കലും: നാടിന് ഭീഷണിയായി ക്വാറികൾ

ചെറുപുഴ : മലയോര മേഖലയിലെ ക്വാറികളിൽ നടക്കുന്ന ഉഗ്രസ്ഫോടനവും കുന്നിടിക്കലും ജനജീവിതത്തിനു ഭീഷണിയാകുന്നു. ചെറുപുഴ പഞ്ചായത്തിൽ 5 ക്വാറികളാണു നിലവിലുള്ളത്. ഇതിൽ 3 ക്വാറികളിലാണു കരിങ്കല്ല് ഖനനവും കുന്നിടിക്കലും തകൃതിയായി നടക്കുന്നത്.
ശേഷിക്കുന്ന 2 ക്വാറികളിൽ ഒന്ന് അടുത്ത ദിവസം തന്നെ തുറന്നു പ്രവർത്തിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്.ക്വാറികളിൽ നടക്കുന്ന ഉഗ്രസ്ഫോടനത്തിലും കുന്നിടിക്കലിലും മലയോരമേഖല കടുത്ത ഭീതിയിലാണ്. കുന്നുകൾ ഇടിക്കുമ്പോൾ ഉണ്ടാകുന്ന മണ്ണ് ജനവാസ കേന്ദ്രങ്ങളുടെ സമീപം മല പോലെ കൂട്ടിയിടുകയാണു ചെയ്യുന്നത്.
ശക്തമായ ജലപ്രവാഹം ഉണ്ടായാൽ ഇവ ഒഴുകി ജനവാസ കേന്ദ്രങ്ങളിൽ എത്തും.
ഇതാണു മലയോര ജനതയുടെ ഉറക്കം കെടുത്തുന്നത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നടക്കുന്ന കരിങ്കല്ല് ഖനനത്തിനും മണ്ണിടിക്കലിലും എതിരെ ചെറുവിരൽ അനക്കാൻ പോലും രാഷ്ട്രീയ പാർട്ടികൾ തയാറാകുന്നില്ല. നേരത്തെ ഖനനത്തെ എതിർത്തിരുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ഇപ്പോൾ നിശബ്ദത പാലിക്കുയാണ്.
രാജഗിരി, ചൂരപ്പടവ്, പെരുവട്ടം, എയ്യൻകല്ല് ക്വാറികളുടെ സമീപത്തുള്ള മൺക്കൂനകൾ ഭയപ്പെടുത്തുന്നതാണ്.ഈ മൺക്കൂനയിലേക്ക് ജലപ്രവാഹം ഉണ്ടായാൽ വൻദുരന്തത്തിനു തന്നെ കാരണമാകുമെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ഇതിനെതിരെ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു നടപടികൾ ഉണ്ടാകുന്നില്ലെന്നാണു ഇവർ പറയുന്നത്.
കഴിഞ്ഞ ദിവസം രാജഗിരി ക്വാറിയിൽ നിന്നു ഉരുണ്ടുവന്ന ഭീമൻകല്ല് റോഡിലെ ഓവുചാലിൽ പതിച്ചതിനാൽ വൻദുരന്തമാണു ഒഴിവായത്. ഇതൊരു മുന്നറിയിപ്പായി കാണാൻ അധികൃതർ തയാറാകണമെന്നാണു നാട്ടുകാർ പറയുന്നത്.