മാധ്യമസ്വാതന്ത്ര്യം അനിവാര്യം; നയത്തെ വിമര്‍ശിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധതയല്ല-സുപ്രീംകോടതി

Share our post

ന്യൂഡല്‍ഹി: മീഡിയാവണ്‍ ചാനലിനെതിരായ വിലക്ക് റദ്ദാക്കി കൊണ്ടുള്ള വിധിയില്‍ മാധ്യമസ്വാതന്ത്ര്യവും അതിന് ജനാധിപത്യത്തിലുള്ള പ്രധാന്യവും ഓര്‍മ്മിപ്പിച്ച് നിര്‍ണായകമായ ചില പരാമര്‍ശങ്ങളും സുപ്രീംകോടതി നടത്തുകയുണ്ടായി.

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പൗരന്മാര്‍ക്ക് മുന്നില്‍ കഠിനമായ യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുകയും അതുവഴി ഉചിതമായത് തിരഞ്ഞെടുക്കാനും ജനാധിപത്യത്തെ നേര്‍വഴിക്ക് നയിക്കാന്‍ അത് സഹായിക്കുകയും ചെയ്യുന്നു.

ഭരണത്തെ നിര്‍ണയിക്കുന്നതിന് വെളിച്ചം വീശുകയും ചെയ്യുന്നുവെന്ന് ചീഫ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടു.

നേരത്തെ വിലക്ക് ശരിവച്ച ഹൈക്കോടതി ഉത്തരവിനെയും കോടതി വിമര്‍ശിച്ചു. വിലക്ക് ശരിയാണെന്ന ബോധ്യത്തിനുള്ള ഒരു ന്യായവും കാണുന്നില്ലെന്നും ബഞ്ച് അഭിപ്രായപ്പെട്ടു.

മാധ്യമസ്വാതന്ത്ര്യം കരുത്തുള്ള ജനാധിപത്യത്തിന് ആവശ്യമാണ്. ജനാധിപത്യ സമൂഹത്തില്‍ അതിനുള്ള പങ്ക് ഏറെ നിര്‍ണായകമാണ്. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചാല്‍ അത് സര്‍ക്കാര്‍വിരുദ്ധതയാകില്ല. സര്‍ക്കാര്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ തന്നെ ഭരണകൂടത്തെ മാധ്യമങ്ങള്‍ പിന്തുണക്കണം എന്ന ധ്വനി നല്‍കുന്നു

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ആര്‍ട്ടിക്കിള്‍ 19(2) ന്റെ പരിധിയില്‍ പെടുത്തുന്നത് നിലനില്‍ക്കില്ല. അത് പൗരന്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യം തടയാന്‍ വഴിയൊരുക്കും. സീല്‍ ചെയ്ത കവറില്‍ രഹസ്യമായി കോടതിയെ ധരിപ്പിക്കുന്ന രീതി സ്വാഭാവിക നീതി തടയുന്നതാണ്.

പൗരന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ ദേശ സുരക്ഷവാദം ഉപയോഗിക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ ഇതിനോട് യോജിക്കാനാകില്ല. ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന് വെറുതെ പറഞ്ഞാല്‍ പോര. അതിന് വസ്തുതകളുടെ പിന്‍ബലമുണ്ടാകണമെന്നും കോടതി അടിവരയിട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!