അട്ടപ്പാടി മധു വധക്കേസ്: 13 പ്രതികള്‍ക്കും ഏഴുവര്‍ഷം കഠിനതടവ്

Share our post

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ചു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിലെ 16-ാം പ്രതിയായ മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 352-ാം വകുപ്പ് (പെട്ടെന്നുണ്ടായ പ്രകോപനം മൂലമുള്ള ആക്രമണം) ചുമത്തിയാണ് ഇയാള്‍ കുറ്റക്കാരനെന്നു കണ്ടെത്തിയത്. മൂന്നുമാസംവരെ തടവുലഭിക്കാവുന്ന കുറ്റമാണിത്.

എന്നാല്‍ റിമാന്‍ഡ് കാലത്തുതന്നെ ശിക്ഷയുടെ കാലയളവ് പൂര്‍ത്തിയാക്കിയതിനാല്‍ ഇയാള്‍ തടവ് അനുഭവിക്കേണ്ടതില്ല.

500 രൂപ പിഴയടച്ചാല്‍ ഇയാള്‍ക്ക് ജയില്‍മോചിതനാകാം. മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി. പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ്‌കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.

അട്ടപ്പാടി മധു വധക്കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304(2) വകുപ്പുപ്രകാരം ആസൂത്രിതമല്ലാത്ത നരഹത്യയാണ് 13 പ്രതികള്‍ക്കെതിരേ ജഡ്ജി കെ.എം. രതീഷ് കുമാര്‍ ചുമത്തിയ പ്രധാനകുറ്റം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 326, 367, പട്ടികജാതി-വര്‍ഗ പീഡനനിരോധന നിയമത്തിലെ 31 (ഡി) തുടങ്ങിയ ഉയര്‍ന്ന ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളും ചുമത്തി.പ്രോസിക്യൂഷന്‍ ആരോപിച്ച കൊലപാതകക്കുറ്റം കോടതി ഒഴിവാക്കി.

നാലാംപ്രതി കക്കുപ്പടി കുന്നത്തുവീട്ടില്‍ അനീഷ്, 11-ാം പ്രതി മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം എന്നിവരെയാണ് കേസില്‍ വെറുതെവിട്ടത്.

ഭക്ഷണത്തിന് അരി മോഷ്ടിച്ചെന്നാരോപിച്ചുനടന്ന ആള്‍ക്കൂട്ട വിചാരണയ്ക്കിടെ മര്‍ദനമേറ്റ മധു 2018 ഫെബ്രുവരി 22-നാണ് കൊല്ലപ്പെട്ടത്.

അട്ടപ്പാടി കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ മധുവിനെ പിടികൂടി മുക്കാലിയില്‍ കൊണ്ടുവന്ന് ആള്‍ക്കൂട്ട വിചാരണനടത്തി മര്‍ദിച്ചു. തുടര്‍ന്ന് മധു കൊല്ലപ്പെട്ടെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഇവര്‍ കുറ്റക്കാര്‍

1, താവളം പാക്കുളം മേച്ചേരില്‍ ഹുസൈന്‍ (59)

2, മുക്കാലി കിളയില്‍ മരക്കാര്‍ (41)

3, മുക്കാലി പൊതുവച്ചോല ഷംസുദീന്‍ (41)

5, മുക്കാലി താഴുശേരി രാധാകൃഷ്ണന്‍ (40)

6, ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (39)

7, മുക്കാലി പടിഞ്ഞാറപള്ള കുരിക്കള്‍ വീട്ടില്‍ സിദ്ദിഖ് (46)

8, മുക്കാലി തൊട്ടിയില്‍ ഉബൈദ് (33)

9, മുക്കാലി വിരുത്തിയില്‍ നജീബ് (41)

10, മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോന്‍ (52)

12, മുക്കാലി പൊട്ടിയൂര്‍കുന്ന് പുത്തന്‍പുരക്കല്‍ സജീവ് (38)

13, മുക്കാലി കള്ളമല മുരിക്കട സതീഷ് (43)

14, കള്ളമല ചെരുവില്‍ വീട്ടില്‍ ഹരീഷ് (42)

15, കള്ളമല ചെരുവില്‍ വീട്ടില്‍ ബിജു (45)

16, കള്ളമല വിരുത്തിയില്‍ മുനീര്‍ (28)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!