പുഴയിൽ ആവേശമാവാൻ പിണറായി റിവർ ഫെസ്റ്റ് -2023

പിണറായി: പിണറായി പെരുമ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന പിണറായി പെരുമ-2023നോടനുബന്ധിച്ച് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെയും സഹകരണത്തോടെ പിണറായി റിവർ ഫെസ്റ്റ് സംഘടിപ്പിക്കും.
ഏപ്രിൽ 8ന് വൈകുന്നേരം 3ന് റിവർ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. റിവർ ഫെസ്റ്റിന്റെ ഭാഗമായി നാഷണൽ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ആംഗ്ലിംഗ് മത്സരം, ട്രഷർ ഹണ്ട്, വലയെറിയൽ, ഫ്ലൈ ബോർഡ്, ഫൈബർ ബോട്ട് റെയ്സ് തുടങ്ങിയവ 8,9 തീയ്യതികളിൽ മമ്പറം, പിണറായി, പടന്നക്കര, ചേരിക്കൽ എന്നീ പ്രദേശങ്ങളിൽ സംഘടിപ്പിക്കും.
മത്സരാർത്ഥികൾക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂരിന്റെ വെബ് സൈറ്റ് (www.dtpckannnur.com/river-fest) വഴി ഏപ്രിൽ 6 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ സിംഗിൾ കയാക്കിംഗ്, ഡബിൾ കയാക്കിംഗ് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.
സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. ഡബിൾ കയാക്കുകളിൽ പുരുഷന്മാർ, സ്ത്രീകൾ എന്നീ കാറ്റഗറിയിലും, പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന മിക്സഡ് കാറ്റഗറിയിലും പ്രത്യേകം മത്സരം ഉണ്ടാകും.
ഒന്നാമതെത്തുന്ന ടീമിന് 30,000 രൂപയും, രണ്ടാമതെത്തുന്ന ടീമിന് 20,000 രൂപയും, മൂന്നാമതെത്തുന്ന ടീമിന് 10,000 രൂപയും,വ്യക്തിഗത മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 20,000 രൂപയും, രണ്ടാം സ്ഥാനത്തിന് 10,000 രൂപയും, മൂന്നാ സ്ഥാനത്തിന് 5000 രൂപയും സമ്മാനത്തുകയായി ലഭിക്കും.