പൂരോത്സവത്തിന് സമാപനം കുറിച്ച് നാളെ പൂരംകുളി

Share our post

തൃക്കരിപ്പൂർ: വടക്കെ മലബാറിലെ ഭഗവതി കാവുകളിൽ നാളെ പൂരംകുളി. ഭഗവതിമാർ പൂരം കുളിച്ച് മാടം കയറുന്നതോടെ മീനമാസത്തിലെ കാർത്തിക തൊട്ട് നടക്കുന്ന പുരോത്സവത്തിന് തിരശ്ശീല വീഴും. അതോടൊപ്പം പൂരക്കളിയുടെ സമാപനം കുറിച്ചു കൊണ്ട് പന്തലിൽ ആണ്ടും പള്ളും അരങ്ങേറും.

പിലിക്കോട് രയരമംഗലം ക്ഷേത്രത്തിലെ ഒരു മാസം നീണ്ടുനിന്ന പൂരോത്സവത്തിന് ഏച്ചി കുളങ്ങര ആറാട്ടോടെയാണ് സമാപനമാകുക. അതുപോലെ ഒരു മാസക്കാലം നീണ്ടുനിന്ന ചെറുവത്തൂർ ശ്രീ വീരഭദ്ര ക്ഷേത്രം പൂരക്കാലത്തിന് മറ്റന്നാളാണ് സമാപനം. മിക്ക ക്ഷേത്രങ്ങളും പുഴകളിലും കുളങ്ങളിലുമായാണ് പൂരംകുളിക്കുക.

എന്നാൽ ക്ഷേത്രമതിൽക്കെട്ടിനുള്ളിലെ കിണറിലെ വെള്ളമെടുത്ത് വിഗ്രഹങ്ങളും തിരുവായുധങ്ങളടക്കമുള്ളവ ശുചീകരിച്ച് കൊണ്ട് പൂരംകുളിക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. മയ്യിച്ച വെങ്ങാട്ട് ഭഗവതി ക്ഷേത്രം മയ്യിച്ച പുഴയിലും, കൊയോങ്കര പയ്യക്കാൽ ഭഗവതി ക്ഷേത്രം കുണിയൻ പുഴയിലും കൂർമ്പ ഭഗവതി ക്ഷേത്രം പാടി പുഴയിലുമാണ് പൂരംകുളിയുടെ ചടങ്ങുകൾ നടത്തുക.

കരിവെള്ളൂർ വാണിയലം സോമേശ്വരി ക്ഷേത്രം, പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവ കുണിയൻ പുഴയിലാണ് പൂരംകുളിക്കുക. കരക്കക്കാവ് ഭഗവതി ക്ഷേത്രം, ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം, കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രം, രാമവില്യം കഴകം, തുരുത്തി നിലമംഗലം കഴകം എന്നിവിടങ്ങളിൽ ക്ഷേത്ര കിണറുകളിലെ വെള്ളമുപയോഗിച്ചാണ് ഈ അനുഷ്ഠാന ചടങ്ങ് നടത്തുന്നത്.

പൂരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൂരക്കളിയുടെയും സമാപനകുറിച്ച് ക്ഷേത്ര തിരുമുറ്റത്തെ പന്തലിൽ നടക്കുന്ന ആണ്ടും പള്ളും എന്ന ചടങ്ങിൽ വിത്തുകളെയും കന്നുപൂട്ട് അടക്കമുള്ള കൃഷി രീതിയെക്കുറിച്ചും പ്രതിപാദിക്കുന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന ശ്ലോകമാണ് ചൊല്ലുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!