മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് സർവീസ് അഞ്ചു മുതൽ; ആലപ്പുഴയിൽ നിന്ന് പുതിയ ടൂറിസ്റ്റ് ഡെക്കർ ബോട്ട് എത്തിച്ചു

മാട്ടൂൽ: സർവീസ് നിലച്ചിട്ട് രണ്ട് മാസം പിന്നിട്ട മാട്ടൂൽ–പറശ്ശിനിക്കടവ് റൂട്ടിൽ സർവീസ് പുനരാരംഭിക്കാൻ നടപടിയായി. ഇതിനായി ആലപ്പുഴയിൽ നിന്ന് പുതിയ ടൂറിസ്റ്റ് ഡെക്കർ ബോട്ട് എത്തിച്ചു.
58 ദിവസമായി ബോട്ട് സർവീസ് നിലച്ചത് മലയാള മനോരമ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രശ്നത്തിൽ ജനപ്രതിനിധികളും ഇടപെട്ടു. 5ന് സർവീസ് ആരംഭിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്ന് ജലപാതയിൽ പരിശോധന നടക്കും. നേരത്തെ സർവീസ് നടത്തിയിരുന്ന ബോട്ട് അറ്റകുറ്റപ്പണി കഴിഞ്ഞ് വരുന്നത് വരെ ഡക്ക് ബോട്ട് തന്നെ സർവീസ് നടത്തും. രാവിലെ 11.45ന് പറശ്ശിനിക്കടവിൽ നിന്ന് മാട്ടൂലിലേക്ക് സർവീസ് ആരംഭിക്കും. ഉച്ചയ്ക്ക് 2ന് മാട്ടൂലിൽ നിന്നും പറശ്ശിനിക്കടവിലേക്ക് തിരിക്കും.
ടൂറിസ്റ്റ് ബോട്ട് ഉപയോഗപ്പെടുത്തി പറശ്ശിനിക്കടവ് കേന്ദ്രീകരിച്ച് വിനോദ യാത്രയ്ക്കുളള സൗകര്യവും ഒരുക്കും.
അവധികാലമായതിനാൽ സർവീസ് വിജയകരമാകും എന്നാണ് പ്രതീക്ഷ. ആലപ്പുഴയിൽ നിന്നും എസ് 26 അപ്പർ ഡക്ക് ബോട്ട് ഇന്നലെ വൈകിട്ട് 3നാണ് മാട്ടൂൽ വഴി അഴീക്കൽ ബോട്ട് പാലത്തിന് സമീപം എത്തിയത്. ബോട്ടിൽ കണ്ണൂർ പറശ്ശിനിക്കടവ് സ്റ്റേഷൻ മാസ്റ്റർ ടി.എസ്.സുനിൽകുമാർ, സെക്കൻഡ് ക്ലാസ് മാസ്റ്റർ എൻ.കെ.സരീഷ്, ഡ്രൈവർ പി.ദിലീപ് കുമാർ, ലാസ്കർ മാരായ എം.സന്ദീപ്, പി.സജീവൻ എന്നിവർ ഉണ്ടായിരുന്നു.
സർവീസ് നീട്ടാനും ആലോചന
നിലവിൽ നടത്തി വരുന്ന സർവീസിന് പുറമേ കോറളായി ദ്വീപ്, മാട്ടൂൽ പെറ്റ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വരെ സർവീസ് നീട്ടാനും ആലോചനയുണ്ട്. ഇതിനായി വേലിയേറ്റം, വേലിയിറക്കം എന്നിവയുടെ സമയം കൂടി പഠിക്കും. ഇതിനു ശേഷം മാത്രമേ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ.
നിലവിലെ സർവീസ്
രാവിലെ 9.30ന് പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് സർവീസ് മാങ്കടവ്, പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശ്ശേരി, അഴീക്കോട് എന്നിവിടങ്ങളിൽ പോയ ശേഷമാണ് മാട്ടൂൽ സൗത്ത് ബോട്ട് പാലത്തിന് സമീപം എത്തുക.