ടൂറിസം വികസനത്തിന് പാതയൊരുങ്ങുന്നു ;ആലക്കോട് -കാപ്പിമല റോഡിന്റെ നീളം ചുരുങ്ങും

Share our post

ആലക്കോട്: അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ നാടിന്റെ മുഖച്ഛായ മാറുന്ന പദ്ധതി നടപ്പിലാകുമ്പോൾ നിലവിലുള്ള റോഡിന്റെ നീളം 9 കി.മീറ്റർ ഉണ്ടായിരുന്നത് 7.8 കി.മീറ്റർ ആയി ചുരുങ്ങും. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48.72 കോടി ചെലവിട്ട് നിർമ്മിക്കുന്ന ആലക്കോട് -കാപ്പിമല പി.ഡബ്‌ള്യു.ഡി. റോഡിലാണ് ഇത്തരമൊരു വെട്ടിച്ചുരുക്കൽ.

കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ വൈതൽമലയിലേയ്ക്ക് എളുപ്പത്തിൽ ചെന്നെത്താനുള്ള ഈ റോഡ് 6 പതിറ്റാണ്ട് മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് മേജർ ഡിസ്ട്രിക്ട് റോഡാക്കി ഉയർത്തിയതാണ്. ആലക്കോടിന്റെ വികസനശിൽപ്പി പി.ആർ. രാമവർമ്മ രാജ സ്വന്തം ചെലവിൽ നിർമ്മിച്ച ഈ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും റോഡിന്റെ ദൂരം നിർണ്ണയിക്കുന്നതിന് മൈൽകുറ്റികൾ സ്ഥാപിക്കുകയുമുണ്ടായി.

കാപ്പിമല ടൗൺ അന്ന് സ്ഥാപിതമായിരുന്നില്ല. കാപ്പിമലയിൽ നിന്നും മഞ്ഞപ്പുല്ല്, ഏലമല, വൈതൽമല എന്നിവിടങ്ങളിലേയ്ക്ക് ചെന്നെത്താനുള്ള റോഡും രാജ തന്നെ നിർമ്മിച്ചതാണ്.കാപ്പിമലയിൽ ഇപ്പോഴുള്ള ടൗണിലേക്ക് ആലക്കോട് നിന്നും 7.8 കി.മീറ്റർ ദൂരമാണ് ഉള്ളത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കുന്നതിന് വൻ തുക ചെലവാകുമെന്ന് കണ്ടതിനെത്തുടർന്ന് ആദ്യ ഘട്ടത്തിൽ കിഫ്ബി പിന്മാറിയിരുന്നു.

എന്നാൽ ടൂറിസം വികസനത്തിന് ആലക്കോട്- കാപ്പിമല- മഞ്ഞപ്പുല്ല് റോഡിന്റെ നവീകരണം അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് കാപ്പിമല ടൗൺ വരെയുള്ള റോഡ് നവീകരണം കിഫ്ബി ഏറ്റെടുക്കുകയായിരുന്നു. അതോടൊപ്പം കാപ്പിമല, മഞ്ഞപ്പുല്ല് പ്രദേശങ്ങളെ ഉൾപ്പെടുത്തി ടൂറിസ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

വൈകിയാണെങ്കിലും ഈ പ്രദേശത്തിന്റെ വികസനത്തിനായി രാഷ്ട്രീയ ഭേദമന്യേ മുന്നിട്ടിറങ്ങിയതിന്റെ ഫലമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്. ടൂറിസം രംഗത്ത് വൈതൽമലയുടെ വികസനത്തിനും ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല.നാടിന്റെ അവസാന പ്രതീക്ഷഒരു കാലത്ത് കാർഷിക വിളകളാൽ സമ്പൽസമൃദ്ധമായിരുന്ന ഈ മലയോര കുടിയേറ്റ കേന്ദ്രത്തിന്റെ ശനിദശ ആരംഭിക്കുന്നത് രണ്ട് പതിറ്റാണ്ട് മുൻപാണ്.

മഞ്ഞളിപ്പ് രോഗബാധയെ തുടർന്ന് ഇവിടുത്തെ പ്രധാന നാണ്യവിളയായിരുന്ന കവുങ്ങുകൾ ഒന്നാകെ നശിച്ചതോടെ വരുമാനമില്ലാതായ കർഷകർ ജീവിതമാർഗം തേടി മറ്റു സ്ഥലങ്ങളിലേയ്ക്ക് ചേക്കേറുകയായിരുന്നു.

ആലക്കോട് ഗവ. എസ്റ്റേറ്റ് ഭൂരഹിതരായ ആദിവാസികൾക്ക് പതിച്ചു നൽകാനെന്ന പേരിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തെങ്കിലും പുനരധിവാസ പദ്ധതി താളംതെറ്റിയതോടെ എസ്റ്റേറ്റ് ഭൂമിയുടെ വലിയൊരു ഭാഗം വനഭൂമിയാക്കി മാറ്റി.

ടൂറിസം വികസനം യാഥാർത്ഥ്യമാകുന്നതിനായി ഇവിടെ അവശേഷിക്കുന്ന ജനങ്ങൾ വർഷങ്ങളായി മുട്ടാത്ത വാതിലുകളില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!