കരിമ്പം ഫാമിനെ ഫാം ടൂറിസത്തിന്റെ പറുദീസയാക്കും

തളിപ്പറമ്പ്: കരിമ്പം ഫാമിൽ ലോകോത്തര നിലവാരത്തിലുള്ള ഫാം ടൂറിസം നടപ്പാക്കും. കരിമ്പം അഗ്രോ ഇക്കോ ടൂറിസം പാർക്കിന്റെ ആദ്യഘട്ടം ഒരുവർഷത്തിനകം യാഥാർഥ്യമാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള ആലോചനായോഗം ചേർന്നു.
പരമ്പരാഗത കൃഷി രീതികൾ നിലനിർത്തി ആധുനിക സങ്കേതങ്ങളിലൂടെ അത്യുൽപ്പാദന ശേഷി കൈവരിക്കാനും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് പഠിക്കാനും സാധിക്കുന്ന രീതിയിൽ ഫാമിനെ സജ്ജീകരിക്കുമെന്ന് അവലോകനയോഗത്തിൽ എം വി ഗോവിന്ദൻ എം.എൽ.എ പറഞ്ഞു.
ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഫാം സന്ദർശന വേളയിൽ താമസിച്ച ബംഗ്ലാവാണ് ഫാമിന്റെ പ്രധാന ആകർഷണീയത. അത് സംരക്ഷിച്ച് ചരിത്ര മ്യുസിയമാക്കും. കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് ജില്ലയിലെ പ്രധാന കാർബൺ ന്യൂട്രൽ കേന്ദ്രമാക്കി മാറ്റും.
ഫാം ടൂറിസത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ഒരുകോടി രൂപ ബജറ്റിൽ വകയിരുത്തിട്ടുണ്ട്. കന്നുകാലി ഫാം, തേനീച്ച വളർത്തൽ തുടങ്ങിയ കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ ഫാമിൽ ഒരുക്കും. മിയോവാക്കി വനവൽക്കരണവും നടപ്പാക്കും.
പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിന്റെ ടൂറിസം സാധ്യത പ്രത്യേകമായി പരിഗണിക്കും. പദ്ധതി മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കും.അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയാണ് അഗ്രോ ഇക്കോ ടൂറിസം പാർക്കിന്റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ എം.എൽ.എ പറഞ്ഞു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ. കെ രത്നകുമാരി, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി .എം സീന, കരിമ്പം ഫാം സൂപ്രണ്ട് കെ സ്മിത ഹരിദാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ എം .എൻ പ്രദീപൻ, ഡെപ്യൂട്ടി ഡയറക്ടർ എം പി അനൂപ്, ട്രെയിനിങ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, കെ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.