പറശ്ശിനിക്കടവ് – മാട്ടൂൽ ബോട്ട്‌ സർവീസ്‌ അഞ്ചിന് പുനരാരംഭിക്കും

Share our post

മാട്ടൂൽ: പറശ്ശിനിക്കടവ് – –- മാട്ടൂൽ ബോട്ട്‌ സർവീസ്‌ അഞ്ചിന് പുനരാരംഭിക്കും. പുതിയ ബോട്ട് ഞായറാഴ്ച അഴീക്കലിലെത്തും. ആലപ്പുഴയിൽനിന്നാണ് എസ് -26 അപ്പർ ഡക്ക് ബോട്ട് എത്തിക്കുന്നത്. വെള്ളി രാവിലെ ആറിന്‌ ബോട്ട്‌ പുറപ്പെട്ടു.

വൈകിട്ടോടെ തൃശൂർ മുനമ്പം വഴി കടലിൽ എത്തിയെങ്കിലും കടൽ ശാന്തമല്ലാത്തതിനാൽ രാത്രി ഒമ്പതോടെ ചേറ്റുവ ഹാർബറിൽ നിർത്തിയിട്ടു. ശനി പുലർച്ചെ കണ്ണൂരിലേക്ക് യാത്ര ആരംഭിച്ചു. കടലിലൂടെ ഏഴ് നോട്ടിക്കൽ മൈൽ വേഗതയിലാണ് ബോട്ട്‌ സഞ്ചരിച്ചതെങ്കിലും കടലിലെ കാറ്റും ഒഴുക്കും വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു.

ഏറെ പ്രയാസപ്പെട്ട് പകൽ ഒന്നരയോടെ കോഴിക്കാട് ബേപ്പൂർ ഹാർബറിൽ എത്തിച്ചു. കടൽ ശാന്തമാണെങ്കിൽ ഞായർ പുലർച്ചെ ബേപ്പൂരിൽനിന്ന് പുറപ്പെട്ട് പകൽ പതിനൊന്നിനകം അഴീക്കൽ ബോട്ട് പാലം ജെട്ടിയിൽ എത്തും. പറശ്ശിനിക്കടവ് സ്റ്റേഷൻ മാസ്റ്റർ ടി .എസ് സുനിൽകുമാർ, സെക്കൻഡ്‌ ക്ലാസ് മാസ്റ്റർ എൻ കെ സരീഷ്, ഡ്രൈവർ പി ദിലീപ് കുമാർ, ലാസ്കർമാരായ എം സന്ദീപ്, പി സജീവൻ എന്നിവരാണ് ബോട്ട് എത്തിക്കാൻ നേതൃത്വം നൽകുന്നത്.

ജലയാത്ര മുടങ്ങിയത്‌ സംബന്ധിച്ച്‌ മാർച്ച്‌ 25 ന് ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നുണ്ടായ അടിയന്തര ഇടപെടലാണ് ഡക്കർ ബോട്ട് എത്തിക്കാൻ തീരുമാനിച്ചത്. യന്ത്രത്തകരാറിനെ തുടർന്ന് 2022 ഡിസംബറിലാണ് ബോട്ട്‌ സർവീസ് നിർത്തിയത്.

പുതിയ സമയക്രമം അനുസരിച്ച്‌ രാവിലെ 9.30ന് പറശ്ശിനിക്കടവിൽനിന്ന് പുറപ്പെട്ട് പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശേരി, പാറക്കൽ, മാങ്കടവ്, വളപട്ടണം, അഴീക്കൽ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികൾ വഴി ഒന്നരമണിക്കൂറിനകം ബോട്ട് മാട്ടൂൽ സൗത്ത് ജെട്ടിയിലെത്തും. പറശ്ശിനിക്കടവിലേക്കുള്ള തിരികെ യാത്ര 11.45നാണ്.

1.15 ന് പറശ്ശിനിയിലെത്തുന്ന ബോട്ട് തിരികെ രണ്ടിന് വളപട്ടണത്തേക്ക് പോകും. ബോട്ടിൽ രാവിലെയും വൈകിട്ടും ഉല്ലാസയാത്ര (സർക്കുലർ സർവീസ്)യും ഒരുക്കും. അരമണിക്കൂർ ഇടവേളകളിലാണ് സർവീസ്.

സർവീസ് നിർത്തിയതിനെ തുടർന്ന് എറണാകുളം, ആലപ്പുഴ, കൊല്ലം, പുളിങ്കുന്ന്, കോട്ടയം എന്നിവിടങ്ങളിലേക്ക് മാറ്റി നിയമിച്ച മൂന്ന് വീതം ബോട്ട് മാസ്റ്റർ, സ്രാങ്ക്, ഡ്രൈവർ എന്നിവരും ആറ് ലാസ്കർമാരും (ഹെൽപ്പർ) മൂന്നിന് തിരിച്ചെത്തും.
എൻജിൻ പണിമുടക്കിയ വാട്ടർ ടാക്സിക്കും പകരം സംവിധാനമേർപ്പെടുത്താൻ ജലഗതാഗത വകുപ്പ് പദ്ധതി തയ്യാറാക്കി. മൂന്ന് മാസത്തിനകം ബോട്ട് എത്തിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!