സഹകരണ വിജ്ഞാപനം ഏപ്രിൽ 24-ന്; പരീക്ഷ ഓഗസ്റ്റിൽ, വാർഷിക കലണ്ടറായി

Share our post

ഈ വർഷത്തെ ആദ്യ സഹകരണ വിജ്ഞാപനം ഏപ്രിൽ 24-ന് പ്രസിദ്ധീകരിക്കുമെന്ന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അറിയിച്ചു. സർവീസ് സഹകരണ സംഘം/ബാങ്കുകൾ ഏപ്രിൽ 10-നകം റിപ്പോർട്ട്ചെയ്യുന്ന ഒഴിവുകളിലേക്കായിരിക്കും വിജ്ഞാപനം വരുന്നത്.

ജൂനിയർ ക്ലാർക്ക്, ഡി.ടി.പി. ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയ തസ്തികകൾക്ക് വിജ്ഞാപനമുണ്ടാകുമെന്നാണ് വിവരം. ഇവയുടെ അപേക്ഷകർക്കുള്ള പരീക്ഷ ഓഗസ്റ്റിൽ നടത്തും.

2023 കലണ്ടർ വർഷത്തെ വിജ്ഞാപനങ്ങളുടെയും പരീക്ഷകളുടെയും ഏകദേശ വർഷം നിശ്ചയിക്കുന്ന വാർഷിക കലണ്ടർ കുറിപ്പായി ബോർഡ് പ്രസിദ്ധീകരിച്ചു. ഈ വർഷത്തെ അടുത്ത ഘട്ടം വിജ്ഞാപനങ്ങൾ ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലായി പുറപ്പെടുവിക്കും.

ആകെ മൂന്ന്‌ ഘട്ട വിജ്ഞാപനങ്ങളായിരിക്കും ഈ വർഷമുണ്ടാകുന്നത്. രണ്ടും മൂന്നും ഘട്ട വിജ്ഞാപനങ്ങളുടെ പരീക്ഷകൾ യഥാക്രമം ഡിസംബർ, 2024 ഏപ്രിൽ മാസങ്ങളിലായി നടത്തും. മൂല്യനിർണയവും സമയബന്ധിതമായി പൂർത്തിയാക്കാൻ പരീക്ഷാബോർഡ് തീരുമാനിച്ചിട്ടുണ്ട്.

അതിനുശേഷം വൈകാതെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. സഹകരണസംഘം/ ബാങ്കുകൾ അഭിമുഖം നടത്തി മാർക്ക് ലഭ്യമാക്കുന്ന മുറയ്ക്ക് എത്രയും വേഗം റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമനശുപാർശയ്ക്കുള്ള നടപടികൾ കൈക്കൊള്ളുന്നതിന് കർമപദ്ധതിയും ബോർഡ് തയ്യാറാക്കിയതായി ചെയർമാൻ എസ്.യു. രാജീവ് ‘തൊഴിൽവാർത്ത’യോട് പറഞ്ഞു.

സഹകരണസംഘം ജീവനക്കാർക്കുള്ള യോഗ്യതാനിർണയ പരീക്ഷയുടെ വിജ്ഞാപനങ്ങൾ ഈ വർഷം മേയ്, നവംബർ മാസങ്ങളിൽ പുറപ്പെടുവിക്കും. പരീക്ഷകൾ യഥാക്രമം ജൂലായ്, 2024 ജനുവരി മാസങ്ങളിലും നടത്തുന്നതിന് തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾ www.keralacseb.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!