പ്രതീക്ഷകൾ കരിഞ്ഞ് കശുവണ്ടി കർഷകർ

Share our post

ഇരിക്കൂർ : സീസൺ പകുതിയായിട്ടും ജില്ലയിൽ കശുവണ്ടി വിപണി ഉണർന്നില്ല. സാധാരണയായി ജനുവരി അവസാനത്തോടെ വിപണി സജീവമാകും.

ഇത്തവണ ഏപ്രിൽ ആരംഭിച്ചിട്ടും വിപണിയിൽ വേണ്ടത്ര കശുവണ്ടി എത്തിയിട്ടില്ല.പൂക്കൾ വിരിയാൻ താമസിച്ചതും പകൽ സമയത്തെ അമിതമായ ചൂടും രാത്രി കാലത്തെ മഞ്ഞും കാരണം വിരിഞ്ഞ പൂക്കൾ കരിഞ്ഞതാണ് ഉൽപാദനം കുറയാൻ കാരണം.

ജില്ലയിലെ പ്രധാന കശുവണ്ടി വിപണന സംഭരണ കേന്ദ്രങ്ങളായ ഇരിക്കൂർ, ഉളിക്കൽ, ശ്രീകണ്ഠപുരം, പയ്യാവൂർ, ആലക്കോട് പ്രദേശങ്ങളിൽ നിന്ന് മുൻകാലങ്ങളിൽ ഈ സമയത്ത് പ്രതിദിനം നൂറോളം ലോഡ് കശുവണ്ടി കയറ്റിപ്പോകാറുണ്ടായിരുന്നു.

ഇക്കുറി ഇതു വളരെ കുറവാണ്. ഉൽപാദനം കുറഞ്ഞത് കശുവണ്ടി സീസണിൽ പ്രതീക്ഷയർപ്പിച്ച കർഷകരെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ബാങ്കിൽ നിന്ന് വൻ തുക വായ്പയെടുത്ത് കശുവണ്ടി തോട്ടം പാട്ടത്തിനെടുത്ത കർഷകർ മലയോരത്തുണ്ട്. ഫെബ്രുവരി അവസാനം കിലോയ്ക്ക് 120 രൂപ കശുവണ്ടിക്കുണ്ടായിരുന്നത് കഴിഞ്ഞദിവസം 110 രൂപയിലേക്ക് ഇടിഞ്ഞു. ഉൽപാദനക്കുറവിനൊപ്പം വിലയിടിവ് കൂടിയായതോടെ കർഷകർ ദുരിതത്തിലാണ്.

സാധാരണ മഴ പെയ്താൽ വില കുറയാറുണ്ടെങ്കിലും ഇത്തവണ ചാറ്റൽ മഴ പോലും ഇല്ലാതെയാണു വില കുറച്ചത്. ഇനി ഒരു മഴ പെയ്താൽ വില കുത്തനെ ഇടിയുമെന്നു കർഷകർ പറയുന്നു.

കശുവണ്ടി സംഭരിക്കുന്ന കുത്തക മുതലാളിമാരാണ് വിലയിടിവിനു പിന്നിലെന്നാണ് കർഷകരുടെ ആരോപണം.

ജില്ലയിലെ കശുവണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റിൽ വൻ ഡിമാന്റ് ഉണ്ടായിട്ടും വില സ്ഥിരതയും സംഭരണവും നടപ്പാക്കാൻ സർക്കാർ തയാറാകാത്തത് കർഷകരിൽ വൻ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!