പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദുധാരികള്‍ക്കാണ് അവസരം. 5000 ഒഴിവുണ്ട്. ഇതില്‍ 136 ഒഴിവ് കേരളത്തിലാണ്. ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി ഒരു വര്‍ഷമായിരിക്കും പരിശീലനം.
ഒഴിവുകള്‍: രാജ്യത്താകെ 90 റീജണുകളിലായി 5000 ഒഴിവുകളാണുള്ളത്. ജനറല്‍-2159, എസ്.സി.-763, എസ്.ടി.-416, ഒ.ബി.സി.-1162, ഇ.ഡബ്ല്യു.എസ്.-500 എന്നിങ്ങനെയാണ് സംവരണം. 200 ഒഴിവ് ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നീ രണ്ട് റീജണുകളാണുള്ളത്. കൊച്ചിയില്‍ 65 ഒഴിവും തിരുവനന്തപുരത്ത് 71 ഒഴിവുമുണ്ട്. കൊച്ചി റീജണിന് കീഴില്‍ എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളും തിരുവനന്തപുരം റീജണിന് കീഴില്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളും ഉള്‍പ്പെടുന്നു. ഒരാള്‍ക്ക് മൂന്ന് ജില്ലകള്‍ വരെ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കാം.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/ തത്തുല്യം. 31.03.2023-നകം നേടിയതായിരിക്കണം യോഗ്യത.
അപേക്ഷിക്കുന്നത് എവിടേക്കാണോ അവിടെയുള്ള പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. എട്ട്/ പത്ത്/ പന്ത്രണ്ട് / ബിരുദതലത്തില്‍ ഈ ഭാഷ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രായം: 31.03.2023-ന് 20-28 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്ത് വര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സ് വരെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 40 വയസ്സ് വരെ) അപേക്ഷിക്കാം.
പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈനായി ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്തപരീക്ഷ നടത്തും. വിവിധ വിഷയങ്ങളുള്‍പ്പെട്ട അഞ്ച് പാര്‍ട്ടുകളായിട്ടായിരിക്കും പരീക്ഷ. 1. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, റീസണിങ് ആപ്റ്റിറ്റിയൂഡ്, കംപ്യൂട്ടര്‍ നോളജ്. 2. ബേസിക് റീട്ടെയില്‍ ലയബിലിറ്റി പ്രോഡക്ട്സ്. 3. ബേസിക് റീട്ടെയില്‍ അസെറ്റ് പ്രോഡക്ട്സ്. 4. ബേസിക് ഇന്‍വെസ്റ്റ്മെന്റ് പ്രോഡക്ട്സ്. 5. ബേസിക് ഇന്‍ഷുറന്‍സ് പ്രോഡക്ട്സ്.
പരീക്ഷയുടെ സമയദൈര്‍ഘ്യം കോള്‍ ലെറ്ററില്‍ വ്യക്തമാക്കിയിരിക്കും. ഏപ്രില്‍ രണ്ടാംവാരത്തില്‍ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കാറ്റഗറിയും ജില്ലയും തിരിച്ച് ലിസ്റ്റ് തയ്യാറാക്കും.
സ്‌റ്റൈപ്പെന്‍ഡ്: ഗ്രാമങ്ങളിലെയും അര്‍ധ നഗരങ്ങളിലെയും (സെമി-അര്‍ബന്‍) ബ്രാഞ്ചുകളില്‍ 10,000 രൂപയും നഗര ബ്രാഞ്ചുകളില്‍ 12,000 രൂപയും മെട്രോ ബ്രാഞ്ചുകളില്‍ 15,000 രൂപയുമാണ് സ്‌റ്റൈപ്പെന്‍ഡ്. ഓഫീസ് ആവശ്യാര്‍ഥമുള്ള യാത്രാ അലവന്‍സായി ഗ്രാമങ്ങളിലെയും അര്‍ധ നഗരങ്ങളിലെയും (സെമി-അര്‍ബന്‍) ബ്രാഞ്ചുകളില്‍ 225 രൂപയും നഗര ബ്രാഞ്ചുകളില്‍ 300 രൂപയും മെട്രോ ബ്രാഞ്ചുകളില്‍ 350 രൂപയും നല്‍കും.
അപേക്ഷാഫീസ്: ഭിന്നശേഷിക്കാര്‍ക്ക് 400 രൂപ, വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 600 രൂപ, മറ്റുള്ളവര്‍ക്ക് 800 രൂപ എന്നിങ്ങനെയാണ് ഫീസ്. പുറമേ ജി.എസ്.ടി.യും അടയ്ക്കണം.
അപേക്ഷ: അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലായ www.apprenticeshipindia.gov.in -ല്‍ രജിസ്റ്റര്‍ ചെയ്യണം.രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി: ഏപ്രില്‍ 3. വിശദവിവരങ്ങള്‍ www.centralbankofindia.co.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.