വിവാഹാലോചന നിരസിച്ചതിന് കൊലപാതകം: സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം

Share our post

തിരുവനന്തപുരം: സൂര്യഗായത്രി കൊലക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ജീവപര്യന്തം തടവിനോടൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും പ്രതിയ്ക്ക് കോടതി വിധിച്ചു. പിഴത്തുക സൂര്യഗായത്രിയുടെ അമ്മ വത്സലയ്ക്ക് നല്‍കണമെന്നാണ് കോടതി നിര്‍ദേശം. ക്രൂരമായ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്ത തന്നെ കണ്ടെത്തിയിരുന്നു.

കൊലപാതകക്കുറ്റത്തിനൊപ്പം ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ കേസുകളും പ്രതിക്കെതിരെയുണ്ട്. ഈ കുറ്റങ്ങള്‍ക്ക് ഇരുപത് കൊല്ലത്തെ തടവുശിക്ഷയാണ് കോടതി അരുണിന് നല്‍കിയിരിക്കുന്നത്.

ഇടതടവുശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ജീവപര്യന്തം ശിക്ഷയിലേക്ക് കടക്കുക എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിയുടെ പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു.

എന്നാല്‍ അതിക്രൂരമായാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പ്രതിയുടെ മനോനില കണക്കിലെടുത്തുകൊണ്ടും ഒരു കാരണവശാലും പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും പരമാവധി ശിക്ഷ തന്നെ പ്രതിയ്ക്ക് നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചിരുന്നു.

കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചിരുന്നു. കൊല്ലപ്പെട്ട സൂര്യഗായത്രി തന്നെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം കത്തി പിടിച്ചുവാങ്ങി തുരുതുരെ കുത്തിയതാണെന്നാണ്‌ പ്രതിഭാഗം വാദിച്ചത്‌

കൊല്ലപ്പെട്ട സൂര്യഗായത്രിയെ വിവാഹം ചെയ്ത് നല്‍കാത്ത വിരോധമാണ് പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തിലും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഭരണവിഭാഗം ഡിവൈ.എസ്.പി.യുമായ ബി.എസ്. സജിമോന്‍ നല്‍കിയ മൊഴി പ്രോസിക്യൂഷന് നിര്‍ണ്ണായക തെളിവായി മാറി.

കത്തിയുടെ നീളവും മുറിവിന്റെ ആഴവും കൃത്യമായിരുന്നതായി പോലീസ് സര്‍ജന്‍ ധന്യാ രവീന്ദ്രനും സൂര്യഗായത്രിയുടെ വസ്ത്രങ്ങളിലും കത്തിയിലും സൂര്യഗായത്രിയുടെ രക്തം തന്നെയാണുണ്ടായിരുന്നതെന്നും ഫൊറന്‍സിക് വിദഗ്ദരായ ലീന. വി. നായര്‍, ഷഫീക്ക, വിനീത് എന്നിവര്‍ നല്‍കിയ മൊഴിയും ശാസ്ത്രീയ പരിശോധനയ്ക്ക് ആവശ്യമായ പ്രതിയുടെ മുടിയും രക്തവും ശേഖരിച്ച് നല്‍കിയ നെടുമങ്ങാട് താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍ ദീപ ഹരിഹരന്റെ മൊഴിയും പ്രോസിക്യൂഷന്‍ കേസിന് ഏറെ സഹായകരമായി മാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!