കണ്ണവം കാട്ടിൽ തീപിടിത്തം പതിവാകുന്നു; കത്തിനശിച്ചത് 200 ഏക്കറോളം വനം

Share our post

പെരുവ: കണ്ണവം കാട് കത്തി നശിച്ചുകൊണ്ടിരിക്കുന്നു. കാരണമറിയാതെ വനം വകുപ്പ്. കണ്ണവം റിസർവ് വനത്തിൽ മാർച്ചിൽ മാത്രം 5 ഇടങ്ങളിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. നെടുംപൊയിൽ സെക്‌ഷനു കീഴിലെ പെരുവ മേഖലയിലെ ആക്കംമൂലയിലാണ് ആദ്യം കാട്ടുതീ ഉണ്ടായത്.

നിത്യഹരിത വന മേഖലയായ കണ്ണവം വനത്തിലെ ആക്കംമൂലയിൽ ഉണ്ടായ കാട്ടുതീ അണയ്ക്കുന്നതിൽ വനം വകുപ്പിന് വലിയ സാഹസം നടത്തേണ്ടതായി വന്നു. തീയണച്ചെങ്കിലും ഒരാഴ്ചക്ക് ശേഷം വീണ്ടും ഇതേ പ്രദേശത്ത് തന്നെ മറ്റൊരിടത്ത് കാട്ടുതീ വീണ്ടും വ്യാപിച്ചു.

ഇതും ഒരു വിധം അണച്ചു കഴിഞ്ഞപ്പോൾ തൊട്ടു പിന്നാലെ കണ്ണവം സെക്‌ഷനു കീഴിലെ ചെന്നപ്പൊയിൽ, പന്നിയോട് മേഖലകളിലും കാട്ടുതീ ഉണ്ടായി. ഏകദേശം 200 ഏക്കറോളം വന ഭൂമി തീ പിടിത്തത്തിൽ നശിച്ചിട്ടുണ്ട്.

അടിക്കാടുകളാണ് പൂർണമായി കത്തി നശിച്ചിട്ടുള്ളത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും വനം വകുപ്പ് അന്വേഷണം നടത്തി വരികയാണ്. തീ പിടിത്തത്തിന്റെ രീതിയിലും സാഹചര്യത്തിലും സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്.

തീ പിടിത്തത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം ഉള്ളതായി സംശയിക്കുന്ന സാഹചര്യത്തിൽ മറ്റ് ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഇതുവരെയും ഇതിന് ബലം നൽകുന്ന തെളിവുകൾ ലഭിച്ചിട്ടില്ല.

പറക്കാട് ബീറ്റ് പ്രദേശമായ കൊളപ്പ ട്രൈബൽ കോളനിയിൽ മാവോയിസ്റ്റ് സംഘങ്ങൾ വന്നിട്ടുള്ളതിനാൽ ഈ മേഖലയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കോളയാട് പഞ്ചായത്തിൽ പെട്ട പെരുവ മേഖല വനത്തിനുള്ളിലാണ് ജനവാസ കേന്ദ്രങ്ങളും ആദിവാസി കോളനികളും ഉള്ളത്. ഈ മേഖലയിൽ വന്യമൃഗ ശല്യം സമീപ കാലത്ത് രൂക്ഷമാണ്.

പകൽ സമയത്ത് പോലും കാട്ടുപോത്തുകളും കാട്ടാനയും ഇവിടേക്ക് എത്തിയിരുന്നു. കാട്ടാനകൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിന്റെ പേരിൽ ആദിവാസി കുടുംബങ്ങളും വന പാലകരും തമ്മിൽ സംഘർഷാവസ്ഥ പല തവണ ഉണ്ടായിട്ടുണ്ട്.

വനപാലകരെ തടഞ്ഞു വച്ചുള്ള ആദിവാസികളുടെയും കർഷകരുടെയും പ്രതിഷേധങ്ങളും പതിവായിട്ടുണ്ട്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനോ കാട്ടുമൃഗങ്ങളെ പ്രതിരോധിക്കുന്നതിനോ ഫലപ്രദമായ നടപടികൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വനാവകാശ നിയമം നടപ്പിലാക്കുന്നതിന് വനം വകുപ്പ് തടസ്സം നിൽക്കുന്നു എന്ന പ്രചാരണവും നിലനിൽക്കുന്നതിനിടെയാണ് പലയിടത്തും കാട്ടുതീയും വ്യാപിച്ചിട്ടുള്ളത്.

ഈ തർക്കങ്ങൾ മുതലെടുത്ത് തീവ്ര സ്വഭാവമുള്ള സംഘടനകൾ വനത്തിനുള്ളിൽ തമ്പടിച്ചിട്ടുണ്ടോ എന്ന സംശയവും ചിലർ പറയുന്നുണ്ട്. കണ്ണവം കാടിനുള്ളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

പഴശ്ശി രാജാവിന്റെയും ബ്രിട്ടീഷുകാരുടെയും ഭരണകാലത്തു ജനവാസ കേന്ദ്രമായിരുന്ന പ്രദേശം പിന്നീട് റിസർവ് വന മേഖലയിൽ ഉൾപ്പെടുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!