ഏപ്രില്‍ ഒന്നു മുതല്‍ ഈ മാറ്റങ്ങള്‍: എന്‍.പി.എസിലും ഐ.ടിയിലും ഡെറ്റ് നിക്ഷേപത്തിലും പരിഷ്‌കാരങ്ങള്‍

Share our post

പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സാമ്പത്തിക ലക്ഷ്യങ്ങള്‍ ക്രമീകരിച്ച് വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപം തുടങ്ങാം. അതോടൊപ്പം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങളും അറിയാം.

ആദായ നികുതി
ബജറ്റില്‍ പ്രഖ്യാപിച്ച ആദായ നികുതിയിലെ മാറ്റങ്ങള്‍ ഏപ്രില്‍ മുതലാണ് ബാധകമാകുക. പുതിയ നികുതി വ്യവസ്ഥ പ്രകാരം ഏഴ് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ല. പഴയ വ്യവസ്ഥയില്‍ മാറ്റമില്ല. ലീവ് ട്രാവല്‍ അലവന്‍സ് പരിധി മൂന്നു ലക്ഷം രൂപയില്‍നിന്ന് 25 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

എന്‍ഡോവ്‌മെന്റ് പോളിസികള്‍ ഉള്‍പ്പടെയുള്ള പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക പ്രീമിയം അടയ്ക്കുന്നുണ്ടെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ ലഭിക്കുന്ന തുകയ്ക്ക് നികുതി ബാധകമായിരിക്കും. കൂടുതല്‍ അറിയാം…

ഡെറ്റ് ഫണ്ട്‌
ദീര്‍ഘകാല മൂലധന നേട്ടത്തിന് ലഭിച്ചിരുന്ന ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ഇനി ഡെറ്റ് ഫണ്ടുകള്‍ക്ക് ലഭിക്കില്ല. രാജ്യത്തെ ഓഹരികളില്‍ 35ശതമാനത്തില്‍ താഴെ നിക്ഷേപം നടത്തുന്ന ഫണ്ടുകള്‍ക്കാണിത് ബാധകം. ആദായം മൊത്തം വരുമാനത്തോടൊപ്പം ചേര്‍ത്താണ് നികുതി നല്‍കേണ്ടിവരിക. മാര്‍ച്ച് 31വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇത് ബാധകമല്ല. കൂടുതല്‍ അറിയാം…

നിക്ഷേപ പരിധി ഉയര്‍ത്തി
മുതിര്‍ന്ന പൗരന്മാരുടെ ജനകീയ സ്ഥിര വരുമാന പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെ നിക്ഷേപ പരിധി 15 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി. ജനുവരി-മാര്‍ച്ച് പാദത്തില്‍ എട്ട് ശതമാനമാണ് പലിശ. മറ്റൊരു ജനപ്രിയ പദ്ധതിയായ പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമിന്റെ പരിധി 4.5 ലക്ഷത്തില്‍നിന്ന് ഒമ്പതു ലക്ഷവുമാക്കി. ഇതേ പാദത്തില്‍ 7.1ശതമാനമാണ് സ്‌കീമിന്റെ പലിശ. കൂടുതല്‍ അറിയാം…

രണ്ട് പദ്ധതികളുടെയും നിക്ഷേപ കാലയളവ് അഞ്ചു വര്‍ഷമാണ്. മൂന്നുവര്‍ഷത്തേയ്ക്കുകൂടി നീട്ടാന്‍ അനുവദിക്കും.

മാറ്റങ്ങളുമായി എന്‍.പി.എസ്
ആന്വിറ്റി പണമിടപാട് വേഗത്തിലും എളുപ്പത്തിലും നടത്തുന്നതിനായി ചില രേഖകള്‍ സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സി(സിആര്‍എ)ക്ക് നല്‍കണം. എന്‍പിഎസ് എക്‌സിറ്റ്/ വിത്‌ഡ്രോവല്‍ ഫോമുകള്‍, വിലാസം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകള്‍, ബാങ്ക് അക്കൗണ്ടിന്റെ തെളിവ്, പ്രാന്‍(പെര്‍മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) പകര്‍പ്പ് എന്നിവയാണ് സി.ആര്‍.എയുടെ വെബ് അപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യേണ്ടത്. എന്‍.പി.എസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെബ് അധിഷ്ഠിത സംവിധാനമാണ് കെ.ആര്‍.എ സിസ്റ്റം.

അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ എന്‍.പി.എസിലെ ടിയര്‍ 1 അക്കൗണ്ടിലുള്ള നിക്ഷേപത്തിന്റെ 25ശതമാനം പിന്‍വലിക്കാം. ചികിത്സ, വൈകല്യം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, വസ്തു വാങ്ങല്‍ എന്നിവയ്ക്കാണ് പണം അനുവദിക്കുക. പരമാവധി മൂന്നു തവണവരെ പണം തിരികെയെടുക്കാം.

ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം
ഏപ്രില്‍ ഒന്നു മുതല്‍ ഹാള്‍മാര്‍ക്ക് ചെയ്ത, സവിശേഷ തിരിച്ചറിയല്‍ നമ്പറുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമെ വില്‍ക്കാന്‍ അനുവദിക്കൂ. ആറ് ആക്കമുള്ള ആല്‍ഫാന്യൂമറിക് കോഡ് ആണ് എച്ച്.യു.ഐ.ഡി നമ്പര്‍. ഇടപാടിലെ സുതാര്യതയും യഥാര്‍ഥ മൂല്യവും ഉറപ്പാക്കാന്‍ ഇത് സഹായകരമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!