കാട്ടാനപ്പേടിക്ക് ആശ്വാസം, തകർന്ന സോളർ വേലി ചാർജ് ചെയ്തു

Share our post

ഉളിക്കൽ : തൊട്ടിപ്പാലം മേഖലയിലുള്ളവർക്ക് ഇനി കാട്ടാനപ്പേടി വേണ്ട, തകർന്ന സോളർ വേലി അറ്റകുറ്റപ്പണി നടത്തി വനം വകുപ്പ് ചാർജ് ചെയ്തു.

തൊട്ടിപ്പാലം, കുണ്ടേരി, ഉപദേശിക്കുന്ന് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നതും വീടുകൾക്കു നേരെ വരെ ആക്രമണം നടക്കുന്നതുമായി കാണിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.

വനം വകുപ്പ് പാടാം കവല സെക്‌ഷൻ ഓഫിസർ എ.കെ.ബാലന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സ്ഥലത്തെത്തി സോളർ വേലിയുടെ ഒരു വർഷത്തിലേറെയായി തകരാറിലായ എനർജൈസർ മാറ്റി പുതിയത് സ്ഥാപിച്ചു.

നാട്ടുകാരുടെ സഹായത്തോടെ ലൈനിലേക്ക് വീണു കിടക്കുന്ന കാടുകൾ വെട്ടിമാറ്റി വൈകിട്ട് ലൈൻ ചാർജ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.പി.മുകേഷ്, എം.രഞ്ജിത്, ദിപിൻ, മിഥുൻ, അരുൺ, രമേശൻ, സുജിത്ത്, വാച്ചർമാരായ അജീഷ്, രജീഷ്, ജിൽസൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

7 വർഷം മുൻപാണ് വനം വകുപ്പ് കാലാങ്കി മുതൽ തൊട്ടിപ്പാലം വരെയും പിന്നീട് പേരട്ടവരെയും വനാതിർത്തിയിൽ സോളർ വേലി സ്ഥാപിച്ചത്.

എന്നാൽ ഒരു വർഷം മുൻപ് ഉപദേശിക്കുന്നിലെ സോളർ വേലിയുടെ എനർജൈസർ തകരാറിലായതോടെ രണ്ടര കിലോമീറ്റർ ഭാഗത്തെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!