ചിത്താരിയിൽ തണ്ണീർ മത്തൻ ദിനങ്ങൾ

കാഞ്ഞങ്ങാട് : ചിത്താരിയുടെ മണ്ണ് തണ്ണീർമത്തൻദിനങ്ങളിലാണിപ്പോൾ.അജാനൂർ സെൻട്രൽ ചിത്താരിയിലെ അബ്ദുൽ ഖാദർ എന്ന കർഷകന്റെ നൂറുമേനി വത്തക്ക കൺകുളിർക്കും കാഴ്ചയാണ് നാട്ടുകാർക്ക്.
ആരോഹി (മഞ്ഞ), കിരൺ, നാംദാരി എന്നീ മൂന്ന് വിഭാഗം തണ്ണി മത്തനാണ് ഇക്കുറി അബ്ദുൾഖാദർ ഇറക്കിയത്.മൂന്ന് തരം ബത്ത കൃഷിയിലും നൂറ് മേനി വിജയം. പരിപാലിച്ചാൽ ഏത് മണ്ണിലും ഏതു കൃഷിയും വിജയിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണദ്ദേഹം.
അന്യ സംസ്ഥാനത്ത് നിന്നും വരുന്ന തണ്ണിമത്തൻ കഴിച്ചിരുന്ന നാട്ടുകാർക്ക് നാട്ടിലെ വത്തക്കയോടെ വലിയ പ്രിയമാണ്.
നല്ല വില കൊടുത്ത് തന്നെ ആളുകൾ ഇവ വാങ്ങുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ഒരു ഏക്കറിലേറെ വരുന്ന പാടത്താണ് ഖാദറിന്റെ തണ്ണിമത്തൻ കൃഷി. മുൻവർഷം പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പുറമെ നിന്ന് വിത്ത് കൊണ്ടുവന്നാണ് ഇത്തവണ കൃഷിയിറക്കിയത്.
ബസുമതി,ജപ്പാൻ വൈലറ്റ്, ജീരകശാല, ജയ അരി എന്നി നെല്ലിനങ്ങളും ഇദ്ദേഹത്തിനുണ്ട്.പഞ്ചാബിലെ കൃഷി സംഘടനകളുമായി ബന്ധപ്പെട്ടാണ് വിത്ത് ലഭ്യമാക്കിയത് .
സ്വന്തമായി കൃഷിസ്ഥലമില്ലാത്തതിനാൽ സുഹൃത്തുക്കളുടെ സ്ഥലം പാട്ടത്തിനെടുത്താണ് മുൻ പ്രവാസിയായ അബ്ദുൾ ഖാദറിന്റെ കൃഷി.
സഹായത്തിന് ഭാര്യ ഫരീദയും മക്കളായ ഫയറൂസ് ഫർഅത്ത്, മരുമകൾ ഫർസാനയും ഒപ്പമുണ്ട്.