പേരാവൂർ താലൂക്കാസ്പത്രി ഭൂമിയിലൂടെ പൊതുവഴി അനുവദിക്കില്ല; മനുഷ്യാവകാശ കമ്മീഷൻ

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിലൂടെ പൊതുവഴി അനുവദിക്കാൻ സാധ്യമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജഡ്ജ് ബൈജുനാഥ് വ്യക്തമാക്കി.വീട്ടിലേക്കുള്ള വഴി താലൂക്കാസ്പത്രി അധികൃതർ അടച്ചിട്ടതിനെതിരെ പേരാവൂർ സ്വദേശി മിനിക്കൽ കാദർ നല്കിയ ഹർജിയിലാണ് ആരോഗ്യവകുപ്പിന്റെ ഭൂമിയിലൂടെ പൊതുവഴികൾ അനുവദിക്കാൻ സാധ്യമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയത്.
സംസ്ഥാനത്തെ പി.എച്ച്.സികളടക്കം മുഴുവൻ ആസ്പത്രികളും മതിൽകെട്ടിനുള്ളിലാക്കി ഒരു പ്രവേശന കവാടം മാത്രം സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നാണ് സർക്കാർ നിർദ്ദേശമെന്നും ഇക്കാര്യത്തിൽ മാറ്റം വരുത്താൻ സർക്കാരിന് മാത്രമെ സാധിക്കൂ എന്നും കമ്മീഷൻ നിരീക്ഷിച്ചു.
പേരാവൂർ താലൂക്കാസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന ഉത്തരവ് നല്കിയത് സംസ്ഥാന ആരോഗ്യവകുപ്പാണ്.ആയതിനാൽ സർക്കാർ നിർദ്ദേശം മനുഷ്യാവകാശ കമ്മീഷൻ അംഗീകരിക്കുകയാണെന്ന് ജഡ്ജ് വ്യക്തമാക്കി.
വർഷങ്ങളായി പൊതുവഴിയായി ഉപയോഗിക്കുന്ന ആസ്പത്രി റോഡ് കോവിഡിന്റെ മറവിൽ ആസ്പത്രി അധികൃതർ അടച്ചതായും പ്രസ്തുത റോഡ് തുറന്നു നല്കാനുമാവശ്യപ്പെട്ടാണ് ഹർജിക്കാരൻ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നല്കിയത്.പേരാവൂർ പഞ്ചായത്തിൽ പരാതി നല്കിയപ്പോൾ ആസ്പത്രി റോഡ് പൊതുവഴിയാണെന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിച്ചതായി ഹർജിയിൽ പറയുന്നു.
പ്രസ്തുത റോഡ് തുറന്നു നല്കണമെന്ന് സൂപ്രണ്ടിനോടും പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനോടും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടിട്ടും റോഡ് തുറന്നു നല്കാത്ത സാഹചര്യത്തിലാണ് കാദർ കമ്മീഷനിൽ പരാതി നല്കിയത്.2021 ജനുവരിയിൽ നല്കിയ പരാതി കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന അദാലത്തിലാണ് കമ്മീഷൻ തീർപ്പാക്കിയത്.