അധ്യാപികയുടെ കൊലപാതകം: വിജേഷ് തിരികെയെത്തിയത് അസ്ഥി ഉപേക്ഷിക്കാൻ

Share our post

കട്ടപ്പന: പേഴുംകണ്ടത്ത് അദ്ധ്യാപികയായ ഭാര്യയെകൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിൽ പ്രതി വിജേഷ് കുടുങ്ങിയത് പിടിക്കപ്പെടില്ലെന്ന അമിതവിശ്വാസംമൂലം.കൊലപാതകം നടത്തി മൂന്ന് ദിവസം നാട്ടിലുണ്ടായിരുന്നിട്ടും ആരും മൃതദേഹം കണ്ടെത്താതെ വന്നതോടെ സംഭവം പുറത്ത് വരില്ലെന്ന വിശ്വാസത്തിലായിരുന്നു വിജേഷ്.

ഭാര്യ അനുമോൾ നാടു വിട്ടെന്ന് താൻ പറഞ്ഞ കളവ് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമെന്നും ഇയാൾ കരുതി.മൃതദേഹത്തിൽ നിന്നും ദുർഗന്ധം പുറത്ത് വരാതിരിക്കാൻ മുറിയിൽ സാമ്പ്രാണിത്തിരി കത്തിച്ച് വച്ച് ഫാൻ ഇട്ടിരുന്നു. താൻ കുറച്ച് ദിവസം മാറി നിന്നാൽ എല്ലാം കെട്ടടങ്ങുമെന്നായിരുന്നു ഇയാളുടെ വിശ്വാസം.

ചൊവ്വാഴ്ച്ച തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി ശനിയാഴ്ച്ച വരെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു.കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയെന്നോ തന്നെ പൊലീസ് അന്വേഷിക്കുന്നതോ ഇയാൾ അറിഞ്ഞിരുന്നില്ല.

കൊലപാതകം നടന്ന് ഒരാഴ്ച്ച കഴിഞ്ഞതിനാൽ മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നാണ് ഇയാൾ കരുതിയത്. തിരികെയെത്തി അസ്ഥി ഉപേക്ഷിക്കുന്നതോടെ സ്വതന്ത്രനാകുമെന്നും കണക്ക്കൂട്ടി. ഇതിനായാണ് ഞായറാഴ്ച്ച പുലർച്ചെ നാട്ടിലേക്ക് തിരിച്ചത്.

കുമളിയിലെത്തിയ ഇയാൾ സി.സി. ടി.വി ക്യാമറയിൽ പതിഞ്ഞതോടെയാണ് കുമളി പൊലീസ് പിടികൂടുന്നത്. പൊലീസ് അന്വേഷിക്കുന്നത് അറിയാത്തതിനാൽ തന്നെ കുമളിയിലെ തമിഴ്‌നാട് ബസ് സ്റ്റാൻഡിൽ നിന്നും നടന്നാണ് കേരളത്തിലേക്ക് വന്നത്. തുടർന്ന് റോസാപൂക്കണ്ടം ഭാഗത്ത് പോയി വേഷം മാറി ടൗണിലേക്ക് ഇറങ്ങിയപ്പോഴാണ് പിടിയിലാകുന്നത്.

കൊലപാതകം നടത്തിയത്ഷാൾ കഴുത്തിൽ കുരുക്കി കൊലപാതകം നടത്തിയ രീതിയും കൊല നടത്താനുപയോഗിച്ച ഷാൾ അടക്കമുള്ള സാധനങ്ങൾ കത്തിച്ചു കളഞ്ഞ സ്ഥലവും അവശിഷ്ടങ്ങളും വിജേഷ് പൊലീസിന് കാണിച്ചു കൊടുത്തു. ഷാൾ അടക്കമുള്ള സാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു.

കൊലപാതകത്തിനു ശേഷം താൻ അത്മഹത്യക്ക് ശ്രമിച്ചെന്നും വിജേഷ് പൊലീസിനോട് സൂചിപ്പിച്ചു . വിജേഷിനെ ഇന്നലെ രാവിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞു ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേർ സ്ഥലത്ത് എത്തിയിരുന്നു.

കൊലപെടുത്തിയത് പിന്നിൽ നിന്ന് കഴുത്തിന് ഷാൾ കുരുക്കിയെന്ന് വിജേഷ് പൊലീസിനോട് പറഞ്ഞു.
നഴ്‌സറി സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളും ഭർത്താവും തമ്മിൽ വിവാഹ ബന്ധം വേർപെടുത്തുന്നതുമായി ബന്ധപെട്ടു ഏറെ നേരം തർക്കം നടന്നു.

വിജേഷിന്റെ പീഡനത്തിനെതിരെ അനുമോൾ കട്ടപ്പന വനിതാ സെല്ലിൽ പരാതി നൽകിയത് വിജേഷിനെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് അനുമോളെ അപായപെടുത്താനുള്ള തീരുമാനത്തിലായിരുന്നു വിജേഷ്.
തുടർന്ന് മൃതദേഹം പുതപ്പിൽ പൊതിഞ്ഞു കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞു.

കൊലപാതകത്തിനു ശേഷം യാതൊരു ഭാവ വ്യതാസവും പ്രകടിപ്പിക്കാതെ വീട് പൂട്ടി പുറത്തു പോയ വിജേഷ് അനുമോളുടെ സ്വർണഭരണങ്ങൾ ലബക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 16000 രൂപക്ക് പണയം വച്ചിരുന്നു. ഈ സ്ഥാപനത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!