തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നു

നാറാത്ത്: നാറാത്ത് പഞ്ചായത്തിലെ സ്വകാര്യ നഴ്‌സിങ് ഹോസ്‌റ്റലിന് സമീപത്തെ തണ്ണീർത്തടങ്ങൾ സ്വകാര്യവ്യക്തികൾ വ്യാപകമായി മണ്ണിട്ടുനികത്തുന്നു.
റോഡിൽനിന്ന് അൽപ്പം മാറിയുള്ള പ്രദേശമായതിനാൽ ജനങ്ങളുടെ ശ്രദ്ധ എത്താത്ത ഇടത്താണ് മണ്ണും മാലിന്യങ്ങളും ഇറക്കി നീർത്തടം നികത്തുന്നത്.
വീടിന്റെ അവശിഷ്ടങ്ങളായ കല്ലും മണ്ണും കോൺക്രീറ്റ് കട്ടകളും മറ്റുമായി ഒരേക്കറോളം നീർത്തടം നികത്തി. ആളൊഴിഞ്ഞ പ്രദേശത്ത് രാത്രിയുടെ മറവിലാണ് വർഷങ്ങളായി നികത്തുന്നത്.
നീർത്തട ഭൂമിയാണെന്ന് തിരിച്ചറിയാൻ പറ്റാത്തവിധം ഇവിടം മണ്ണിട്ടുനികത്തിക്കഴിഞ്ഞു. മണ്ണിട്ടുനികത്തി ഭൂമിതരംതിരിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നു.
നീർത്തടങ്ങളാൽ സമ്പന്നമായ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരം നീക്കം നടക്കുന്നുണ്ട്. വളപട്ടണം പുഴയുടെ കൈവഴികളിലെ പ്രദേശങ്ങളാണ് കൂടുതലായും ഇത്തരത്തിൽ നശിപ്പിക്കുന്നത്.
അവശിഷ്ടവും മാലിന്യവും നിറഞ്ഞ ഭാഗങ്ങളിൽ മഴക്കാലമെത്തുന്നതോടെ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണവുമാകും.