മലയോര മേഖലയിൽ ജലവിതാനം താഴുന്നു; ജലക്ഷാമത്തിന് പരിഹാരമില്ലാതെ കർഷകർ

Share our post

ചെറുപുഴ: വേനൽ കനത്തപ്പോൾ മലയോര മേഖലയിൽ ജലവിതാനം ക്രമാതീതമായി താഴ്ന്നു. ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലും കുഴൽക്കിണറുകളിലുമാണു ജലവിതാനം താഴ്ന്നതായി നാട്ടുകാർ പറയുന്നത്.

അമിതമായ ജലചൂഷണമാണു ജലവിതാനം താഴാൻ കാരണമെന്നു പറയപ്പെടുന്നു. അടുത്തു കാലത്തു കുഴിച്ച പല കുഴൽക്കിണറുകളിൽ നിന്നു ജലം ലഭിക്കാത്ത സ്ഥിതിയാണ്. 500 അടി കുഴിച്ചിട്ടും വെള്ളം ലഭിക്കാത്ത ഒട്ടേറെ കുഴൽക്കിണറുകൾ മലയോര മേഖലയിലുണ്ട്.

ഈ വർഷം പുഴകളും കിണറുകളും എല്ലാം വറ്റിവരണ്ടു കഴിഞ്ഞു. ഇപ്പോൾ കുഴൽക്കിണറുകളിൽ നിന്നുമുള്ള വെള്ളമാണു പല കുടുംബങ്ങളും ഉപയോഗിക്കുന്നത്. പുഴകളിൽ നിന്നു കൃഷി ആവശ്യത്തിനു വെള്ളം എടുക്കുന്നത് നിരോധിച്ചതോടെ മലയോര മേഖലയിലെ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. സ്ഥിരം നനയ്ക്കുന്ന പല തോട്ടങ്ങളും കരിയാൻ തുടങ്ങി.

സ്ഥിരം നനയ്ക്കുന്ന തോട്ടങ്ങളിൽ ജലസേചനം മുടങ്ങിയാൽ വളരെ പെട്ടെന്ന് തന്നെ കൃഷികൾ ഉണങ്ങി നശിക്കും. ചെറുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലക്ഷങ്ങൾ മുടക്കി ഒട്ടേറെ തടയണകൾ നിർമിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ പലതിലും വെള്ളമില്ല. നിർമാണത്തിലെ അപാകതയാണു മലയോരത്തെ ഒട്ടുമിക്ക തടയണകളും ഉപയോഗ ശൂന്യമാകാൻ പ്രധാന കാരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!