ശുദ്ധജലത്തിന് നെട്ടോട്ടമോടി കാക്കതുരുത്തി നിവാസികൾ

Share our post

നാറാത്ത് : കൃത്യമായി ശുദ്ധജലം ലഭ്യമാകുന്നില്ല, കുടിവെള്ളത്തിനായി നെട്ടോട്ടമോടി നാറാത്ത് പഞ്ചായത്തിലെ കാക്കതുരുത്തി നിവാസികൾ. കൊളച്ചേരി ശുദ്ധജല പദ്ധതിയുടെ വെള്ളം ലഭിച്ചിരുന്ന കാക്കതുരുത്തിയിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുത്തതിനു ശേഷമാണ് ജലവിതരണം മുടങ്ങിയത്.

പലഭാഗങ്ങളിലും കൊളച്ചേരി ശുദ്ധജല പദ്ധതിയുടെ നേരത്തേ ഉണ്ടായിരുന്ന പൈപ്പുകൾ ജലജീവൻ പദ്ധതിക്ക് കുഴിയെടുത്തപ്പോൾ തകർന്നു. അതോടെ ജലവിതരണ സംവിധാനം താളംതെറ്റി. നിലവിൽ വല്ലപ്പോഴും ദുർഗാംബിക ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിൽ രാത്രി ഏറെ വൈകി ലഭിക്കുന്ന വെള്ളം വീട്ടാവശ്യങ്ങൾക്കു തികയാത്ത അവസ്ഥയാണ്.

എങ്കിലും ഇവിടെയുള്ള പൊതുടാപ്പിനു സമീപം ഒഴിഞ്ഞ പാത്രങ്ങൾ വച്ച് കാത്തിരിക്കുകയാണ് കുട്ടികൾ അടക്കമുള്ളവർ. ഒഴുക്കിന്റെ വേഗം കുറവായതിനാൽ ഒരു ചെറിയ ബക്കറ്റിൽ വെള്ളം നിറയണമെങ്കിൽ പത്തു മിനിറ്റിലേറെ കാത്തിരിക്കേണ്ട ഗതികേടിലാണെന്നും, വെള്ളത്തിനു വേണ്ടി ഉറക്കമൊഴിഞ്ഞു കാത്തിരിക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പറയുന്നു.

വെള്ളത്തെ ചൊല്ലി നാട്ടുകാർ തമ്മിൽ തർക്കങ്ങളും വാക്കേറ്റവും പതിവാണ്. കാട്ടാമ്പള്ളി പദ്ധതി പ്രദേശത്തിന്റെ സമീപപ്രദേശമായ കാക്കതുരുത്തിയിൽ വേനൽക്കാലങ്ങളിൽ കിണറുകളിൽ ലഭ്യമാകുന്നത് ഉപയോഗശൂന്യമായ ഉപ്പുരുചിയേറിയ വെള്ളമാണ്. വേനൽക്കാലത്ത് പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് എൺപതിലേറെ വീട്ടുകാർ കഴിയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!