കണ്ണൂർ: ഏപ്രിൽ ഒന്നുമുതൽ റോഡ് നികുതി വർധിക്കുന്നതിനാൽ ഇരുചക്ര വാഹനവും കാറും വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. മാർച്ച് 31-നുള്ളിൽ രജിസ്റ്റർ ചെയ്യാനുള്ള ഓട്ടത്തിലാണ് വാഹനം വാങ്ങുന്നവർ. ഇരുചക്രവാഹനത്തിനും കാറിനുമാണ് നികുതി വർധന കൂടുതൽ.
മാർച്ച് 25 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 1.18 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 45,811 കാറുകൾ രജിസ്റ്റർ ചെയ്തു.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ഇരുചക്രവാഹനങ്ങളുടെ മൂന്നുവർഷത്തെ ശരാശരി 4.95 ലക്ഷമാണ്.
ഒരുലക്ഷം രൂപവരെയുള്ള ഇരുചക്ര വാഹനത്തിന് ചുമത്തുന്ന രണ്ടുശതമാനം മാത്രം എടുത്താൽ 99 കോടി രൂപയോളം ഒരുവർഷം സംസ്ഥാന സർക്കാരിന് അധിക വരുമാനം ലഭിക്കും.
മോട്ടോർ സൈക്കിളിന് 15 വർഷത്തേക്കുള്ള ഒറ്റത്തവണ നികുതി രണ്ടുശതമാനമാണ് കൂടിയത്. ഒരുലക്ഷംവരെ ഇനി 13 ശതമാനം നികുതി അടയ്ക്കണം. നിലവിൽ 11 ശതമാനമായിരുന്നു.
ഒരുലക്ഷം വിലയുള്ള ബൈക്കിന് നിലവിൽ 11,000 രൂപയ്ക്ക് പകരം 13,000 രൂപ അടയ്ക്കണം. ഇലക്‌ട്രിക് വാഹനങ്ങൾ ഇതിൽ ഉൾപ്പെടില്ല.
അഞ്ചുലക്ഷം രൂപവരെയുള്ള കാറുകൾക്ക് നികുതി ഒൻപതിൽനിന്ന് പത്തിലേക്ക് ഉയർന്നു. അഞ്ചുലക്ഷം വിലയുള്ള കാറിന്റെ നികുതി 45,000 രൂപ ഉണ്ടായിരുന്നത് ഇനി അരലക്ഷം രൂപ അടയ്ക്കണം.
ഷോറൂം മുതൽ ആർ.ടി.ഒ. ഓഫീസ് വരെ തിരക്ക്
: കണ്ണൂർ ആർ.ടി.ഒ. ഓഫീസിന് കീഴിൽ ദിവസം 110-120 അപേക്ഷകളാണ് വരുന്നത്. നേരത്തേ ഇത് 70-80 ആയിരുന്നു. തളിപ്പറമ്പ് ഓഫീസിൽ കഴിഞ്ഞ ദിവസം 120 അപേക്ഷകളെത്തി. സാധാരണ ഇരുചക്ര/നാലുചക്ര രജിസ്‌ട്രേഷൻ 35 എണ്ണമാണ് വരിക.കാഞ്ഞങ്ങാട്ട് 80-90 അപേക്ഷകൾ വരുന്നുണ്ട്. കാസർകോട് ആർ.ടി.ഒ. ഓഫീസിൽ രണ്ടുദിവസമായി രജിസ്‌ട്രേഷൻ അപേക്ഷ വർധിച്ചതായി അധികൃതർ അറിയിച്ചു.
ഇരുചക്രവാഹന വിൽപ്പനയിൽ കുറച്ച് ദിവസങ്ങളായി വർധന കാണിക്കുന്നുണ്ടെന്ന് ഡീലർമാർ പറഞ്ഞു. കാർ വിപണിയിൽ നല്ല മുന്നേറ്റമാണ്. 10,000-15,000 വരെ നികുതി വർധിക്കുന്നത് ഇതിന് കാരണമായിട്ടുണ്ടാകാം.
ബസുകൾക്ക് ആശ്വാസം
: റോഡ് നികുതിയിൽ ആശ്വാസം ബസുകൾക്കാണ്. ഓർഡിനറി ബസുകൾക്ക് നിലം ഏരിയ ഒരു ചതുരശ്രമീറ്ററിന് 1170 രൂപ ഉണ്ടായിരുന്നത് 1050 രൂപയായി. 120 രൂപ കുറഞ്ഞു. സാധാരണ ബസിന് 25-27 ചതുരശ്രമീറ്റർ വരെ നിലം ഏരിയ ഉണ്ടാകും. ചുരുങ്ങിയത് 3000 രൂപ കുറവ് കിട്ടും. ഓർഡിനറി സിറ്റി/ടൗൺ ബസുകൾക്ക് ചതുരശ്രമീറ്ററിന് 990 രൂപ ഉണ്ടായിരുന്നത് 890 രൂപയായി. ഫാസ്റ്റ് പാസഞ്ചർ, ഉയർന്ന ക്ലാസ് സർവീസിന് 1260 രൂപയുള്ളത് 1140 രൂപയായി കുറഞ്ഞു. മൂന്നുമാസം കൂടുമ്പോഴാണ് നികുതി അടയ്ക്കേണ്ടത്. റോഡ് നികുതി കുറച്ചത് നല്ല കാര്യമാണെന്ന് ബസ് ഉടമകൾ പറഞ്ഞു.
റോഡ് നികുതി
മോട്ടോർ സൈക്കിൾ:
ഒരുലക്ഷം വരെ- 13 ശതമാനം (നിലവിൽ 11 ശതമാനം)
ഒന്ന്-രണ്ട് ലക്ഷംവരെ- 15 ശതമാനം (നിലവിൽ 13 ശതമാനം)
കാറുകൾ:
അഞ്ചുലക്ഷംവരെ- 10 ശതമാനം (നിലവിൽ ഒൻപത്)
അഞ്ച്-10 ലക്ഷം- 13 ശതമാനം (11 ശതമാനം)
10-15 ലക്ഷം -15 ശതമാനം (13 ശതമാനം)