കണ്ണൂർ: ഇന്ത്യയിൽ കേക്ക് നിർമ്മാണത്തിന് തുടക്കം കുറിച്ച മമ്പള്ളി കുടുംബത്തിലെ പിൻതലമുറക്കാരായ കണ്ണൂർ ബ്രൗണിസ് ബേക്കറിയും കോഴിക്കോട് കൊച്ചിൻ ബേക്കറിയും ചേർന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രം മധുരത്തിൽ പതിപ്പിച്ചപ്പോൾ കിട്ടിയത് ലോകത്തിലെ ഏറ്റവും നീളം കൂടിയ കവേർഡ് ബ്രൗണി കേക്കെന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ മൂന്ന് റെക്കോർഡുകൾ.
ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയാണ് മറ്റുള്ളവ. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള അവാർഡ് വിതരണം ചെയ്തു.ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘ മധുരിക്കും ചരിത്രം’ എന്ന പേരിൽ ഗൂയി ബ്രൗണി ഇനത്തിലുള്ള കേക്കാണ് നിർമ്മിച്ച് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പ്രദർശനത്തിനു വെച്ചത്.
സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകളും സ്ത്രീ ശാക്തീകരണവും അടയാളപ്പെടുത്തിയ 900 ചിത്രങ്ങൾ കേക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതോടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പതിപ്പിച്ച കേക്ക് എന്ന റെക്കോർഡും സ്വന്തമായി. കേക്ക് ഷോയുടെ അവസാന ദിവസമായ ഇന്ന് പൊതുജനങ്ങൾക്ക് ബ്രൗണി കേക്കിന്റെ രുചി അറിയാനുള്ള അവസരം ഉണ്ടാകുമെന്ന് ഡയറക്ടർമാർ അറിയിച്ചു.
കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് മുഖ്യാതിഥിയായി. എം.കെ രഞ്ജിത്ത്, എം.പി രമേശ്, ശരത്ത് വത്സരാജ്, ജെമിനി ശങ്കരൻ എന്നിവർ സംബന്ധിച്ചു. പ്രദർശനത്തിന്റെ സമാപനം ഇന്ന് വൈകിട്ട് നാലിന് കഥാകൃത്ത് ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും.
നീളം 732.15 അടി, ഭാരം 2800 കിലോ732.15 അടി നീളവും 5 സെന്റീമീറ്റർ ഉയരവും ഒരടി വീതിയുമുള്ള കേക്കിന്റെ ഭാരം 2800 കിലോയാണ്. ഏഴ് ജോലിക്കാർ 24 മണിക്കൂർ എടുത്താണ് കേക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ബ്രൗണിസ് ബേക്കറി ഡയറക്ടർ എം.കെ രഞ്ജിത്ത് കൊച്ചിൻ ബേക്കറി ഡയറക്ടർ എം.പി രമേശ് എന്നിവരാണ് കേക്ക് നിർമ്മാണത്തിന് നേതൃത്വം നൽകിയത്.
ബ്രൗണി കേക്ക്ചോക്ലേറ്റോ കൊക്കോ പൗഡറോ ആണ് ബ്രൗണി കേക്കിന്റെ പ്രധാന ഘടകം. മുട്ടയോ വെണ്ണയോ ചേർക്കാറില്ല. ബ്രൗണി കേക്കിന്റെ വക ഭേദമായ വായിൽ ഒട്ടിപ്പിടിക്കുന്ന ഗൂയി ബ്രൗണിയുടെ നിർമ്മാണത്തിന് റെഡിമെയ്ഡ് മിശ്രിതം ലഭ്യമാണ്.
കേക്കും ബ്രൗണി കേക്കും തമ്മിലുള്ള മറ്റൊരു വ്യത്യാസം ഇവ രണ്ടിലും ചേർക്കുന്ന പഞ്ചസാര, ചോക്ലേറ്റ് എന്നിവയുടെ അളവാണ്. ബ്രൗണിയിൽ ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ എന്നിവയുടെ അളവ് കുറവായിരിക്കും. കശുവണ്ടി പോലെയുള്ള നട്സുകളും ബ്രൗണി കേക്കിൽ ഉപയോഗിക്കാറുണ്ട്.