ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് ലഹരി സംഘത്തിന്റെ മർദ്ദനം

ചിറക്കൽ: പള്ളിക്കുളത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ലഹരിമാഫിയാ സംഘം ആക്രമിച്ചു. ചിറക്കൽ മേഖലാ കമ്മിറ്റി അംഗം പി. ശ്രീരാഗിനെയാണ് ഞായർ വൈകിട്ട് 5.30 ഓടെ ആക്രമിച്ചത്.
പള്ളിക്കളം സ്വദേശികളായ യോഗേഷ്, ശരത്ത്, ലിജിൽ ലാൽ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് ആക്രമിച്ചത്. പള്ളിക്കുളം ജേബീസ് കോളേജിന് സമീപത്തെ കടവരാന്തയിൽ നിൽക്കുകയായിരുന്ന ഇവർ ശ്രീരാഗ് ബൈക്കിൽ പോകുന്നതിനിടെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
ഏതാനും മാസമായി പള്ളിക്കുളത്തെ ആൾതാമസമില്ലാത്ത വീട് കേന്ദ്രകരിച്ച് തമ്പടിക്കുകയാണ് ലഹരിമാഫിയാ സംഘമെന്ന് പ്രദേശവാസികൾ പറയുന്നു.
തോളെല്ലിന് പരിക്കേറ്റ ശ്രീരാഗിനെ എ. കെ .ജി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വളപട്ടണം പൊലീസ് കേസെടുത്തു. ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ ചിറക്കൽ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.