സഹകരണബാങ്കുകളിലെ ബിനാമി വായ്‌പകൾ പരിശോധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും ബിനാമിവായ്പകൾ സഹകരണ ഓഡിറ്റ് വിഭാഗം പരിശോധിക്കുന്നു.
ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ബന്ധുക്കളുടെപേരിൽ വൻതുക വായ്‌പയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. തിരുവനന്തപുരത്തെ ഒരുസംഘത്തിൽ 105 കോടിരൂപയാണ് ഇത്തരം വായ്‌പക്കുടിശ്ശിക.
നിലവിലുള്ള വായ്‌പകളുടെ നിജസ്ഥിതി പരിശോധിക്കാൻ എല്ലാ സഹകരണവകുപ്പ് ഓഡിറ്റർമാർക്കും നിർദേശംനൽകി. വായ്പക്കാരന് നോട്ടീസ് നൽകി, വായ്പ അദ്ദേഹത്തിന്റേതുതന്നെയാണോയെന്ന് ഓഡിറ്റർമാർ ഉറപ്പാക്കും.
ഇത്തരം പരിശോധനകളിൽ പല വായ്‌പകളും ആ പേരിലുള്ള വ്യക്തി അറിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. എടുത്തവായ്‌പയെക്കാൾ കൂടുതൽ തുക കണക്കിൽ വന്നതായും വ്യക്തമായി. ഇതോടെയാണ് ബിനാമി വായ്‌പകൾ കണ്ടെത്താൻ പ്രത്യേക പരിശോധനയ്ക്ക് നിർദേശം നൽകിയത്.
പ്രധാന സഹകരണബാങ്കുകളിലെല്ലാം കൺകറന്റ് ഓഡിറ്റർമാർ നിലവിലുണ്ട്. ഇത്തരം ബാങ്കുകളിൽ പരിശോധന കാര്യക്ഷമമായി നടക്കുന്നതിനാൽ വലിയപ്രശ്നങ്ങളില്ലെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കൺകറന്റ് ഓഡിറ്റർ ഇല്ലാത്ത സംഘങ്ങളിൽ വകുപ്പ് ഓഡിറ്റർമാരുടെ യൂണിറ്റുതല പരിശോധനമാത്രമാണ് നടക്കുക.
രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഒരുവർഷത്തെ കണക്കുകൾ പരിശോധിക്കേണ്ടിവരുന്നതിനാൽ പലതും പരിശോധിക്കാൻ കഴിയുന്നില്ലെന്നാണ് ഓഡിറ്റർമാർ പറയുന്നത്.
ഇത്തരം ഘട്ടത്തിൽ സംശയമുള്ള അക്കൗണ്ടുകൾ തിരഞ്ഞെടുത്ത് സാംപിൾപരിശോധന നടത്തണം. ഓരോസംഘത്തിലെയും വായ്‌പാ അക്കൗണ്ടുകൾ പരിശോധിച്ചതിന്റെ വിവരങ്ങൾ പ്രത്യേക റിപ്പോർട്ടാക്കി ഓഡിറ്റർമാർ സഹകരണ ഓഡിറ്റ് ഡയറക്ടർക്ക് നൽകണം.