`ദി ട്രാവലർ’ സ്ത്രീകൾക്ക് വിനോദയാത്രകളൊരുക്കാൻ കുടുംബശ്രീ
കണ്ണൂർ: സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്രയൊരുക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ. ‘ദി ട്രാവലർ’ എന്ന പേരിൽ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ സംരംഭം അടുത്ത മാസം ആദ്യം കുടകിലേക്ക് നടത്തുന്ന യാത്രയോടെ തുടക്കമാവും.
സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരത്തിനുള്ള പദ്ധതി തുടങ്ങുന്നത്. ജില്ലാ ആസ്ഥാനത്തുനിന്ന് നിശ്ചിതസമയത്ത് യാത്ര പുറപ്പെടും.
പദ്ധതിയുടെ നടത്തിപ്പിനായി പതിനൊന്ന് പേരുള്ള സംരംഭ ഗ്രൂപ്പ് ജില്ലാ മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലയ പ്രേം (പ്രസി.), ഷജിന കുര്യാട്ടൂർ (സെക്ര) എന്നിവരാണ് ഭാരവാഹികൾ.
ഈ മേഖലയിൽ അഭിരുചിയും കഴിവുമുള്ള 20 യുവതികളെ കണ്ടെത്തി അവർക്ക് ‘കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസി’ന്റെ (കിറ്റ്സ്) തലശ്ശേരികേന്ദ്രം വഴി ടൂർ ഓപ്പറേഷനിൽ ഏഴുദിവസത്തെ പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഇവർക്കായിരിക്കും യാത്രകളുടെ ചുമതല.
സംരംഭത്തിനാവശ്യമായ പ്രാഥമിക മുടക്കുമുതൽ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് പദ്ധതിയിൽപ്പെടുത്തി ജില്ലാ മിഷൻതന്നെ അനുവദിച്ചു.
തുടർ പ്രവർത്തനത്തിനാവശ്യമായ പണം തദ്ദേശസ്ഥാപനങ്ങളുടെ അടുത്ത വാർഷിക പദ്ധതിയിലുൾപ്പെടുത്തിയും സംസ്ഥാന മിഷന്റെ നൂതന സംരംഭ പദ്ധതിയിൽനിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.
ബസുകൾ വാടകയ്ക്ക്
യാത്രക്കായി സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും വാടകയ്ക്കെടുക്കും.ആദ്യം ഏകദിന യാത്രകളും തുടർന്ന് രണ്ടോ മൂന്നോ ദിവസം നീളുന്ന യാത്രകളുമാണ് ആസൂത്രണം ചെയ്യുക. സംഘത്തിന് ഭക്ഷണമൊരുക്കാൻ കുടുംബശ്രീ യൂണിറ്റുകളെത്തന്നെ ചുമതലപ്പെടുത്തും.