പൊതുസ്ഥലത്തെ മാലിന്യംതള്ളൽ;എൻഫോഴ്‌സ്‌മെന്റ് രണ്ടാമത്തെ സ്ക്വാഡും പ്രവർത്തനം തുടങ്ങി

കണ്ണൂർ: മാലിന്യ എൻഫോഴ്‌സ്‌മെന്റിന്റെ കീഴിലെ രണ്ടാമത്തെ സ്ക്വാഡും ജില്ലയിൽ പ്രവർത്തനം തുടങ്ങി. ഇതോടെ ഒരേസമയം രണ്ട് സ്ഥലങ്ങളിൽ ജില്ലയിൽ പരിശോധന സാധ്യമാകും. എൻഫോഴ്‌സ്‌മെന്റിന്റെ ആദ്യ സ്ക്വാഡ് 23-ന് ജില്ലയിൽ പ്രവർത്തനം തുടങ്ങിയിരുന്നു
കഴിഞ്ഞ ദിവസങ്ങളിൽ തലശ്ശേരി, തളിപ്പറമ്പ് നഗരസഭകളിലും മുഴപ്പിലങ്ങാട് പഞ്ചായത്തിലും പരിശോധന നടത്തി കണ്ടെത്തിയ നിയമലംഘനങ്ങളിൽ പിഴ ഈടാക്കാനും നടപടിയെടുക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
നിരോധിത വസ്തുക്കൾ കണ്ടെത്തുന്നതിനുപുറമേ മാലിന്യംതള്ളൽ, പ്ളാസ്റ്റിക് കത്തിക്കൽ, മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലാത്ത കടകൾ/സ്ഥാപനങ്ങൾ തുടങ്ങിയവയിലെ നിയമലംഘനങ്ങൾ കണ്ടെത്തും.
അതത് തദ്ദേശ സ്ഥാപനങ്ങളോട് നടപടിയെടുക്കാനും ജില്ലാതല സ്ക്വാഡ് ശുപാർശ ചെയ്യും. ശുപാർശയിൽ സ്വീകരിച്ച നടപടി സംബന്ധിച്ച് ഏഴുദിവസത്തിനകം എൻഫോഴ്‌സ്‌മെൻറ് സെക്രേട്ടറിയറ്റിന് തദ്ദേശസ്ഥാപനങ്ങൾ റിപ്പോർട്ട് സമർപ്പിക്കണം.
പേപ്പർ കപ്പ് പാടില്ല
ഒറ്റത്തവണ ഉപയോഗിക്കുന്ന ‘പേപ്പർ കപ്പ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പ്ളാസ്റ്റിക് ആവരണമുള്ള കപ്പ് നിരോധിച്ചിട്ടില്ലെന്നാണ് കച്ചവടക്കാരോട് കപ്പുകളുടെ ഏജന്റുമാർ പറയുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു. എന്നാൽ, ഇവ പേപ്പർ കപ്പുകളല്ലെന്നും ഈ കപ്പുകൾ നിരോധിച്ചതാണെന്നും അധികൃതർ പറഞ്ഞു. 500 മില്ലി ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ വിൽക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.