കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി: പിന്നാമ്പുറം വഴി കടന്ന വിജിലൻസ് ഡി .വൈ .എസ് .പിയുടെ തൊപ്പിപോയി

തിരുവനന്തപുരം: കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണ വിധേയനായ വിജിലൻസ് തിരുവനന്തപുരം സ്പെഷൽ സെൽ ഓഫീസിലെ ഡി. വൈ .എസ്പി. പി വേലായുധൻ നായരെ സസ്പെൻഡ് ചെയ്തു.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിനെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറിയാണ് സസ്പെൻഡ് ചെയ്തത്.
വീട്ടിലെ വിജിലൻസ് പരിശോധനയ്ക്കിടെ പിന്നാമ്പുറം വഴി മുങ്ങിയ വേലായുധൻ നായരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ അരലക്ഷം രൂപയാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയത്.
ഇക്കഴിഞ്ഞ 23ന് കഴക്കൂട്ടത്തെ വീട്ടിലെ വിജിലൻസ് റെയ്ഡിനിടെയാണ് മുങ്ങിയത്.സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ രണ്ടാം യൂണിറ്റ് റെയ്ഡ് നടത്തുമ്പോൾ ഡിവൈ.എസ്.പി വീട്ടിലുണ്ടായിരുന്നു. രാത്രി ഒമ്പതരയ്ക്ക് റെയ്ഡ് തീരാറായപ്പോൾ, സ്റ്റേറ്റ്‌മെന്റുകളിൽ ഒപ്പിട്ട ശേഷം വേലായുധൻ നായർ വീടിനു പിന്നിലൂടെ കടന്നുകളയുകയായിരുന്നു.
റെയ്ഡിന് നേതൃത്വം നൽകിയ വിജിലൻസ് എസ്.പി കഴക്കൂട്ടം സ്റ്റേഷനിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. എന്നാൽ ,ഡിവൈ.എസ്.പിയെ കാണാതായെന്ന് ബന്ധുക്കളുടെ പരാതിയില്ലാത്തതിനാൽ അന്വേഷണമില്ലെന്ന് കഴക്കൂട്ടം പൊലീസ് വ്യക്തമാക്കുകയായിരുന്നു.
റെയ്ഡിൽ വേലായുധൻ നായരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് മനസിലാക്കിയാണ് മുങ്ങിയത്.റവന്യു സംബന്ധിച്ച ആവശ്യവുമായെത്തിയ ആളിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതിന് തിരുവല്ല മുനിസിപ്പൽ സെക്രട്ടറി എസ്.നാരായണനെയും ഓഫീസ് അറ്റൻഡർ ഹസീനാ ബീഗത്തെയും പത്തനംതിട്ട വിജിലൻസിലായിരുന്ന വേലായുധൻ നായർ അറസ്റ്റ് ചെയ്തിരുന്നു.
അത് വിജിലൻസിനു പറ്റിയ പിശകാണെന്ന് ചൂണ്ടിക്കാട്ടി വേലായുധൻ നായർ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. 2021 സെപ്തംബർ 30ന് ചെങ്ങന്നൂരിലെ ഫെഡറൽ ബാങ്കിലെ നാരായണന്റെ അക്കൗണ്ടിൽ നിന്ന് ഇതേ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിലേക്ക് 50,000 കൈമാറിയിരുന്നു.
വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ ഈ അക്കൗണ്ട് വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റേതാണെന്ന് കണ്ടെത്തി. തുടരന്വേഷണത്തിൽ വേലായുധൻ നായരും പ്രതിയായ നാരായണനും തമ്മിൽ നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുകളും കണ്ടെത്തിയാണ് കേസെടുത്തത്.