ധർമടത്ത് ടൂറിസം വികസനം വേഗത്തിൽ; സ്ഥലങ്ങൾ സന്ദർശിച്ച് ഡയറക്ടർ

പിണറായി: മണ്ഡലത്തിലെ ടൂറിസം പദ്ധതികൾ വേഗത്തിലാക്കാൻ ടൂറിസം വകുപ്പ്. സംസ്ഥാന ടൂറിസം ഡയറക്ടർ പി .ബി നൂഹിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
ചേരിക്കൽ ബോട്ട് ടെർമിനൽ, പിണറായി – പാറപ്രം സമ്മേളന സ്മാരക സ്തൂപം, മേലൂർ കടവ് കണ്ടൽ ടൂറിസം, മൊയ്തുപാലം, മുഴപ്പിലങ്ങാട് പുഴയോരം, മുഴപ്പിലങ്ങാട് ഐലൻഡ്, പിണറായി പുഴയോര ടൂറിസം കേന്ദ്രം എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
വിനോദ സഞ്ചാര വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ഡിടിപിസി ഇൻഫർമേഷൻ ഓഫീസർ കെ സി ശ്രീനിവാസൻ എന്നിവരും കൂടെയുണ്ടായിരുന്നു.
കണ്ടൽക്കാടുകളും പുഴകളും ഒക്കെയായി നിരവധി സാധ്യതകളുള്ള പ്രദേശമാണ് ധർമടമെന്നും മലനാട് റിവർ ക്രൂസ് പദ്ധതി പ്രകാരം വരുന്ന ബോട്ട് ടെർമിനലുകൾ കൂടുതൽ വികസിപ്പിക്കാനുമുള്ള സാധ്യതകൾ പരിശോധിക്കുമെന്നും പി. ബി നൂഹ് പറഞ്ഞു.
മൊയ്തുപാലം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേഷൻ തയ്യാറാക്കി നൽകുന്നതിനായി പൊതുമരാമത്ത് വകുപ്പിനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് കിട്ടുന്നമുറക്ക് അതൊരു ഫുഡ് സ്ട്രീറ്റായി മാറ്റാനാണ് തീരുമാനം. പിണറായി പുഴയോര ടൂറിസം വികസനകേന്ദ്രം നിലവിൽ ചേക്കുപാലം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ പ്രവർത്തികൾ മൂലം ഉപയോഗശൂന്യമാണ്.
ഇവിടെ പുതിയൊരു പാർക്കിനുള്ള സാധ്യതകൾ തേടി പ്രൊജക്ട് തയ്യാറാക്കും. മുഴപ്പിലങ്ങാട് പുഴയോരത്ത് ആളുകൾക്കിരിക്കാനും ആസ്വദിക്കാനുമുള്ള സൗകര്യമൊരുക്കും. പിറകിലായി പാർക്കിങ്ങിനും ശുചിമുറിക്കുള്ള സൗകര്യങ്ങൾക്കുമായി ഒരേക്കറോളം സ്ഥലം കണ്ടെത്തും.
പത്ത് ഏക്കറോളമുള്ള മുഴപ്പിലങ്ങാട് ഐലൻഡിൽ ഇക്കോ ടൂറിസം പ്രോജക്ടിനും കയാക്കിങ്ങിനുള്ള സാധ്യതയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.