മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; നാടിന്റെ സ്നേഹവായ്പ്പിൽ അഷ്റഫ്

പാനൂർ: ഉറ്റവരുടെ മൂന്നരപ്പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവിൽ അഷ്റഫ് തിരിച്ചെത്തി. പുല്ലൂക്കര കല്ലുമ്മൽ പീടികയ്ക്ക് സമീപം പരവന്റെ കിഴക്കയിൽ അബൂബക്കർ ഹാജിയുടെയും ആയിഷയുടെയും മകൻ അഷ്റഫ് നാടുവിട്ടുപോയത് 38 വർഷം മുമ്പ്. അന്ന് പതിനെട്ട് വയസ്.
കുടുംബം അന്നുമുതൽ അന്വേഷിക്കാത്ത ഇടങ്ങളില്ല. സൗദി അറേബ്യയുൾപ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടെന്ന വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. സോഷ്യൽ മീഡിയ സജീവമായതോടെ സഹപാഠികളും ബന്ധുക്കളും അതുവഴിയും കണ്ടെത്താനുള്ള ശ്രമം തുടർന്നു.
പ്രതീക്ഷകളെല്ലാം കൈവിട്ട് ബാപ്പയും ഉമ്മയും കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി വീട്ടിലേക്ക് അഷ്റഫിന്റെ ഫോൺ കോൾ വന്നത്. വീഡിയോ കോൾ വഴി മാതാപിതാക്കളെ കണ്ട് സംസാരിച്ചു. റംസാൻ തുടക്കത്തിൽ വീട്ടിലെത്തും എന്നറിയിച്ചു.
ഫെയ്സ് ബുക്കിൽനിന്ന് കിട്ടിയ പടം കണ്ട് രൂപ സാദൃശ്യം തോന്നിയ ഹൈദരാബാദിലുള്ള ഒരാൾ വിവരമറിയിച്ചതോടെയാണ് ബന്ധുക്കൾക്ക് അഷ്റഫിന് വീട്ടിലെത്താൻ വഴിയൊരുങ്ങിയത്. വ്യാഴം രാത്രി സഹോദരൻ അബ്ദുൽ സമദിനും മരുമകൻ ഡോ. യാസറിനുമൊപ്പമാണ് അഷ്‌റഫ് എത്തിയത്.
അഷ്റഫ് എത്തുന്ന വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സഹപാഠികളുമുൾപ്പെടെ നിരവധി പേർ വീട്ടിലെത്തി.
ഹൈന്ദരാബാദിൽ മൊമന്റോ കച്ചവടം നടത്തുകയാണ് അഷ്‌റഫ്. ഹൈദരാബാദ് സ്വദേശിനിയെ വിവാഹം ചെയ്‌തു. മൂന്നു മക്കളുണ്ട്. തിരിച്ചുപോയി വൈകാതെ ഭാര്യയെയും മക്കളെയും കൂട്ടി വരുമെന്ന് അഷ്‌റഫ് പറഞ്ഞു.