വായ്‌പ തിരിച്ചടയ്ക്കാത്തതിന് മരുമക്കളുടെ മുന്നിൽ വച്ച് ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തി; മനംനൊന്ത് 54കാരൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കയർ ഫാക്ടറി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളിയിലാണ് സംഭവം. 54കാരനായ ശശി ആണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു.
ബാങ്ക് ജീവനക്കാർ ഇന്നലെ വീട്ടിലെത്തി ശശിയെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നു.വീടിന്റെ ആധാരം പണയം വച്ചാണ് ശശി ആക്സിസ് ബാങ്കിൽ നിന്ന് വായ്പയെടുത്തത്.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
രണ്ട് മരുമക്കളുടെ മുന്നിൽ വച്ചാണ് ശശിയെ ഭീഷണിപ്പെടുത്തിയത്. വീടിന്റെ ഫോട്ടോയും ജീവനക്കാരെടുത്തു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ശശി എന്നും അദ്ദേഹത്തിന് മറ്റ് ബാദ്ധ്യതകളൊന്നും ഇല്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.