തീവണ്ടിയില്‍ അബോധാവസ്ഥയില്‍ യുവാക്കള്‍;ലഹരിമരുന്ന് കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി കവര്‍ച്ചയെന്ന് പരാതി

ഷൊര്‍ണൂര്‍: മയക്കുമരുന്ന് കലര്‍ത്തിയ ചോക്ലേറ്റ് നല്‍കി തീവണ്ടിയാത്രയ്ക്കിടെ യുവാക്കളുടെ മൊബൈല്‍ ഫോണുകളും ബാഗും കവര്‍ന്നതായി പരാതി. യശ്വന്ത്പുര്‍ കണ്ണൂര്‍ എക്‌സ്പ്രസ് തീവണ്ടിയില്‍ രാവിലെ ഏഴോടെയാണ് സംഭവം.
തീവണ്ടി ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ ടിക്കറ്റ് പരിശോധകന്‍ ജനറല്‍കോച്ചില്‍ രണ്ട് യുവാക്കളെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
കണ്ണൂര്‍ പെരിങ്ങോട്ടൂര്‍ മീത്തല്‍പറമ്പത്ത് സതീശന്റെ മകന്‍ സേവാഗ് (19), കണ്ണൂര്‍ പോയനാട് മമ്പറം ദില്‍ഷാദ് മന്‍സിലില്‍ ഹുസൈന്റെ മകന്‍ നദീം (20) എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
യുവാക്കള്‍ മദ്യലഹരിയിലാണെന്ന് സംശയിച്ച് ടിക്കറ്റ് പരിശോധകന്‍ റെയില്‍വേ സുരക്ഷാസേനയെ ഏല്‍പ്പിച്ചു. ഇവരെ ചോദ്യംചെയ്തതോടെ മയക്കുമരുന്നുകലര്‍ന്ന ചോക്ലേറ്റ് നല്‍കി മയക്കി തങ്ങളുടെ മൊബൈല്‍ ഫോണും ബാഗും കവര്‍ന്നു എന്ന് പരാതി അറിയിക്കയായിരുന്നു.
ഇരുവരുടെയും കൈയില്‍ ടിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ഉണ്ടായിരുന്നില്ല. റിയല്‍മി, പോകോ ഫോണുകളാണ് തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നതെന്ന് യുവാക്കള്‍ പോലീസിനോട് പറഞ്ഞു.
ഹിന്ദി സംസാരിക്കുന്ന യുവാക്കളായിരുന്നു മിഠായി നല്‍കിയതെന്ന് പറയുന്നു.ഇരുവരെയും റെയില്‍വേപോലീസും റെയില്‍വേ സുരക്ഷാസേനയും ചേര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയിലേക്കുമാറ്റി.
ഇവര്‍ ബെംഗളൂരുവില്‍ ഐ.ടി.ഐ. പരിശീലനഭാഗമായി പോയതാണെന്നാണ് പോലീസിനോട് പറഞ്ഞത്. ബന്ധുക്കള്‍ ആസ്പത്രിയിലെത്തിയിട്ടുണ്ട്.
സംഭവംനടന്നത് യശ്വന്ത്പുര്‍ സ്റ്റേഷനില്‍നിന്നാണെന്ന് പറയുന്നതിനാല്‍ കേസ് യശ്വന്ത്പുര്‍ പോലീസിന് കൈമാറുമെന്ന് റെയില്‍വേ പോലീസ് പറഞ്ഞു.